പേ ഇളകി നിൽക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. എത്രയൊക്കെ ഉറക്കെക്കുരച്ചിട്ടും, എന്തെല്ലാം മാരകഭാവം മുഖത്തു വരുത്തിയിട്ടും ആരും മൈൻഡാക്കുന്നില്ല. ആർക്കായാലും പിടിവിട്ടുപോകുന്ന അവസ്ഥ. സർക്കാരിനെതിരെയും മാധ്യമങ്ങൾക്കെതിരെയുമൊക്കെ കുരച്ചു ചാടുമെന്നു. കടിക്കുമെന്ന് ഭീഷണി മുഴക്കുന്നു…. എന്തു ഫലം.
രാജി വെയ്ക്കണമെന്ന് വൈസ് ചാൻസലർമാർക്ക് അന്ത്യശാസനം കൊടുത്തു. ഒറ്റയെണ്ണം രാജിവെച്ചില്ലെന്നു മാത്രമല്ല, കോടതിയിൽ പോയി ഗവർണറുടെ അധികാരത്തെ നാണം കെടുത്തുകയും ചെയ്തു. പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടു കത്തു കൊടുത്തു. അതിനുമുണ്ടായിരുന്നു അന്ത്യശാസനത്തിൻ്റെ കനവും കടുപ്പവും.
നേരത്തോടു നേരമാകുന്നു. ആരും മറുപടി കൊടുത്തില്ല. എന്നു മാത്രമല്ല, അതിനെതിരെയും വിസിമാർ കോടതിയിൽ പോയി. അതിനിടയിൽ മന്ത്രിമാരിലെ പ്രീതി നഷ്ടപ്പെട്ടാൽ എന്തൊക്കെയോ ചെയ്തുകളയുമെന്നൊരു ട്വിറ്റർ ഭീഷണി.
അതും ആരും വകവെച്ചില്ല.
അതു കഴിഞ്ഞപ്പോൾ അതാ വരുന്നു, ധനമന്ത്രിയിലെ പ്രീതി നഷ്ടപ്പെട്ടുവെന്നും പറഞ്ഞ് മുഖ്യമന്ത്രിയ്ക്കൊരു കത്ത്. ദേശദ്രോഹക്കുറ്റമൊക്കെ വ്യാഖ്യാനിച്ച് വിസ്തരിച്ച കത്ത് മുഖ്യമന്ത്രി ചവറ്റുകുട്ടിയിലെറിഞ്ഞു. പ്രീതി നഷ്ടപ്പെട്ടതായി തോന്നുന്നുവെങ്കിൽ, ഉചിതമായ ഗുളിക കഴിക്കുകയാവും ഭേദമെന്ന് പറയാതെ പറഞ്ഞു. അതും പരസ്യമായി.
തൻ്റെ കൈവശമാണ് അധികാരത്തിൻ്റെ ഉടവാളും ചെങ്കോലുമെന്ന് കരുതുന്ന ഒരാളിനെയാണേ, ഇങ്ങനെ നിസാരവത്കരിച്ച് അവഗണിക്കുന്നത്. ആർക്കായാലും പിടിവിട്ടു പോകും. ആ ഒരവസ്ഥയിലാണ് ഗവർണർ.
അങ്ങനെ പിടിവിട്ടാണ് സ്വപ്നയുടെ പുസ്തകത്തിൽ കയറിപ്പിടിച്ചിരിക്കുന്നത്. നല്ല കോമ്പിനേഷൻ. ഉന്തിയറുപ്പന് ഊട്ടിയറുപ്പൻ കൂട്ടെന്നു പറയുന്നതുപോലെ, ഗജഫ്രോഡിന്, കീലേരി അച്ചുവിൻ്റെ കൂട്ട്.
ഗവർണറുടെയും സ്വപ്നയുടെയും അവസ്ഥ സമാനമാണ്. ആയമ്മ എന്തെല്ലാം പറഞ്ഞിട്ടും ഒന്നും സംഭവിക്കുന്നില്ല. ആദ്യം കസ്റ്റംസിനും ഇഡിയ്ക്കും മൊഴി കൊടുത്തു നോക്കി. കറൻസി കടത്തും ബിരിയാണിച്ചെമ്പുമെല്ലാം വിസ്തരിച്ച് ഇഡിയ്ക്കും കസ്റ്റംസിനും മുമ്പാകെ ഛർദ്ദിച്ചതാണ്. ഒന്നും സംഭവിച്ചില്ല. മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ തന്നെ വേറെ കോടതിയിൽ 164 സ്റ്റേറ്റ്മെന്റായി കൊടുത്തു. ഒന്നും സംഭവിച്ചില്ല.
അങ്ങനെയാണ് അതേകാര്യങ്ങൾ ചാനലുകളിൽ അഭിമുഖങ്ങളായി ആവർത്തിക്കപ്പെട്ടത്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്ന് മത്തങ്ങാ വലിപ്പത്തിൽ തലക്കെട്ടുകൾ സംഭ്രമജനകമായ സംഗീതത്തിൻ്റെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ടിട്ടും, ആരും മൈൻഡു ചെയ്തില്ല. അപ്പോഴും ഒന്നും സംഭവിച്ചില്ല.
പിന്നെ വാർത്താ സമ്മേളനങ്ങളായി. അപ്പോഴേയ്ക്കും ആരോപണങ്ങൾ ചതഞ്ഞ മട്ടായി. നെറ്റിപ്പട്ടം വെച്ചുകൊടുത്തവർ പോലും മടുത്തു തുടങ്ങി. ഒന്നാം പേജിലെ മത്തങ്ങകൾ ഉൾപ്പേജുകളിലെ ചക്കക്കുരുവായി. ന്യൂസ് അവർ ചർച്ചക്കാർക്കും കളി മടുത്തു.
അപ്പോഴതാ വരുന്നു പുസ്തകം. അതും ഏശിയില്ലെന്നു കണ്ടപ്പോൾ അതുവരെ പറയാത്ത ഇക്കിളിക്കഥകളുമായി വീണ്ടും മാധ്യമങ്ങൾക്ക് അഭിമുഖം. അതിൻ്റെയും കാറ്റു പോയി.
അപ്പോഴാണ് ഗവർണറുടെ രംഗപ്രവേശം. സ്വപ്നയുടെ പുസ്തകം വായിച്ചില്ലേ എന്നാണ് മാധ്യമങ്ങളോടുള്ള ചോദ്യം. ഒന്നര വെല്ലുവിളി തന്നെ.
ഭരണഘടന പറയുന്നതിനപ്പുറമുള്ള ഗവർണറുടെ ഒരധികാരപ്രയോഗവും വകവെയ്ക്കില്ലെന്ന് മുഖ്യമന്ത്രി. അതിനു മറുപടിയായി ഗവർണർ ഉയർത്തിപ്പിടിക്കുന്നത് കള്ളക്കടത്തുകേസിലെ പ്രതിയെഴുതിയ കൊച്ചു പുസ്തകം.
അങ്ങനെ ഗവർണറും സ്വപ്നയും ഒരേ തൂവൽപ്പക്ഷികളാകുന്നു. സ്വപ്നയുടെ ആരോപണങ്ങൾക്ക് തെളിവൊന്നുമില്ല. മറുവശത്ത്, അവയെക്കുറിച്ച് അന്വേഷിക്കുമെന്നും നടപടിയെടുക്കുമെന്നും ഭീഷണിപ്പെടുത്തുന്ന ഗവർണർക്ക് അതിനൊന്നിനുമുള്ള അധികാരവുമില്ല.
എന്നിട്ടും പല്ലുകുത്തിയും ചെവി തോണ്ടിയും മാരകായുധങ്ങളാണെന്ന ഭീഷണിയുമായി എടപെട്ടളയാൻ ഒരപ്പൂപ്പൻ തറ്റുടുത്തിറങ്ങുകയാണ്. സമയത്തു ഗുളിക കഴിക്കണമെന്നും വേണ്ടപ്പെട്ടവർ നല്ല ചികിത്സ ഏർപ്പാടാക്കണമെന്നുമല്ലാതെ എന്തു പറയാനാണ്?