കോഴിക്കോട്: കോഴിക്കോട് പുള്ളാവൂരിൽ പുഴയ്ക്ക് നടുവിൽ 40 അടി ഉയരത്തിൽ നെയ്മറുടെ കൂറ്റൻ കട്ടൗട്ട് ഉയർത്തി ബ്രസീൽ ഫാൻസ്. കഴിഞ്ഞ ദിവസം അർജന്റീന ആരാധകർ സൂപ്പർ താരം ലയണൽ മെസിയുടെ 30 അടി ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിച്ചിരുന്നു. എന്നാൽ അർജൻറീന ആരാധകർക്ക് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ ബ്രസീൽ ആരാധകർ. വെള്ളയും നീലയും നിറത്തിലുള്ള അർജന്റീന ജേഴ്സിയിൽ തലയെടുപ്പോടെ നിൽക്കുന്ന മിശിഹായുടെ കൂറ്റൻ കട്ടൗട്ടിന് സമീപം തന്നെ നെയ്മറിനെയും ഉയർത്തിയിരിക്കുകയാണ് ബ്രസീൽ. തല ഉയർത്തി നിൽക്കുന്ന മെസ്സിയും നെയ്മറുമെല്ലാം ആരാധകർക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല.
ഇതിനോടകം തന്നെ ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് പുള്ളാവൂരിലെ അർജന്റീന ഫാൻസ് അസോസിയേഷൻ സ്ഥാപിച്ച മെസിയുടെ കട്ടൗട്ട്. അർജീന്റീന ഫുട്ബോൾ ടീമിൻ്റെ ഔദ്യോഗിക ട്വിറ്ററിലും കട്ടൗട്ട് ഇടം നേടി കഴിഞ്ഞിരുന്നു. ഇരുപതിനായിരം രൂപയോളം ചെലവഴിച്ചാണ് മെസിയുടെ കട്ടൗട്ട് സ്ഥാപിച്ചത്. ലോകകപ്പ് നേടാനായുള്ള 36 വർഷത്തെ കാത്തിരിപ്പിന് ഇത്തവണ ഖത്തറിൽ ലോക കീരിടം ചൂടികൊണ്ട് വിരാമമിടുമെന്നാണ് ലോകമെമ്പാടുമുള്ള അർജന്റീന ആരാധകരുടെ പ്രതീക്ഷ. ലോകകപ്പ് നേടി കൊണ്ട് 20 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് ബ്രസീലും ഖത്തറിൽ എത്തുന്നത്. നവംബർ 20നാണ് ഫുട്ബോൾ മാമാങ്കത്തിൻ്റെ കിക്കോഫ്. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം.