കാസർഗോഡ് കോളേജ് വിദ്യാർത്ഥിനി നന്ദയുടെ (20) ആത്മഹത്യ കാമുകൻ്റെ ഭീഷണിയെ തുടർന്ന്. കല്ലൂരാവി മൗലക്കരിയത് വീട്ടിൽ സിദ്ദിഖിൻ്റെ മകൻ എം.കെ.അബ്ദുൽ ഷുഹൈബിനെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഹൊസ്ദുർഗ് പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലെ പാചക തൊഴിലാളിയും ഓട്ടോറിക്ഷ ഡ്രൈവറുമായ കെ.വിനോദ്കുമാർ -കെ.എസ്.മിനി ദമ്പതികളുടെ ഏകമകളായ നന്ദ രണ്ട് വർഷത്തോളമായി പ്രതിയുമായി പ്രണയത്തിലായിരുന്നു. നന്ദയുടെ സ്വകാര്യ ചിത്രങ്ങൾ ഇയാളുടെ പക്കലുണ്ടായിരുന്നു. ബന്ധം പിരിഞ്ഞതോടെ നന്ദയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഷുഹൈബ് ഭീഷണിപ്പെടുത്തിയതോടെയാണ് നന്ദ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ കണ്ടെത്തൽ.
നന്ദയുടെ അവസാനത്തെ വീഡിയോ കോൾ പ്രതിയായ ഷുഹൈബുമായിട്ടായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയുടെ ഭീഷണിയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് മനസിലാകുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് നന്ദ വീടിൻ്റെ മുകൾ നിലയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഷുഹൈബിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.