ഗുജറാത്തിലെ മോർബി ജില്ലയിൽ തൂക്കുപാലം തകർന്ന് ഉണ്ടായ അപകടത്തിൽ നൂറിലധികം പേർ മരിച്ചു. അതിൽ രണ്ട് വയസ്സുള്ള കുഞ്ഞടക്കം 47 പേരോളം കൊച്ചുകുട്ടികളാണ്. ചെളിയിൽ അകപ്പെട്ട ശവശരീരങ്ങൾ കണ്ടെത്താൻ ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. Entire families were wiped out in seconds എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്. ഒരു കുടുംബം അങ്ങനെതന്നെ ഇല്ലാതാവുന്ന ഒരു ദുരന്തം അരങ്ങേറിയിട്ട് മാധ്യമങ്ങളോ പൊതുസമൂഹമോ ഇത് അറിഞ്ഞ മട്ട് പോലുമില്ല
മച്ചു നദിക്ക് കുറുകെയുള്ള പാലം ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് പൊട്ടിവീണത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച തൂക്കുപാലം അറ്റകുറ്റപ്പണികൾക്ക് ശേഷം ഒക്ടോബർ 26 നാണ് തുറന്നുകൊടുക്കുന്നത്. തുറന്നുകൊടുത്ത് ഒരാഴ്ചയ്ക്കകം ഞെട്ടിപ്പിക്കുന്ന ദുരന്തത്തിനാണ് നാട് സാക്ഷ്യം വഹിച്ചത്. ഈ മേഖലയിൽ വേണ്ടത്ര മുൻപരിചയമില്ലാത്ത ഒറേവ കമ്പനിയ്ക്കാണ് ഗുജറാത്ത് സർക്കാർ അറ്റകുറ്റപ്പണിയ്ക്കുള്ള കരാറേൽപ്പിച്ചത്.
ഏതാണ് ഒറേവ കമ്പനി? നമുക്ക് പരിചയമുള്ള അജന്ത ക്ലോക്കുകളും വാച്ചുകളും നിർമിക്കുന്ന കമ്പനി തന്നെയാണ് ഒറേവ. പ്രവർത്തിപരിചയമില്ലാത്ത ക്ലോക്ക് കമ്പനിയ്ക്ക് ജനങ്ങളുടെ ഗതാഗത സംവിധാനമായ പാലങ്ങൾ നിർമ്മിക്കാനുള്ള ചുമതല നല്കിയതിനെക്കുറിച്ച് ഗുജറാത്ത് സർക്കാരിനെ ചോദ്യം ചെയ്യാനോ പ്രതിസ്ഥാനത്ത് നിർത്താനോ വൻകിട മാധ്യമങ്ങൾ മുതിർന്നിട്ടില്ല. മാർച്ചിൽ നവീകരണത്തിനായി അടച്ച പാലം കഴിഞ്ഞ 26ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലുമില്ലാതെയാണ് തുറന്നു കൊടുത്തത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പാലം തുറന്നതറിഞ്ഞില്ല എന്ന നട്ടാൽ മുളയ്ക്കാത്ത വിശദീകരണമാണ് സർക്കാർ പറയുന്നത്.
പണി പൂർത്തിയാക്കാത്ത പാലം ഇത്ര അടിയന്തരമായി തുറന്നതെന്തിനാണ്?
തെരഞ്ഞെടുപ്പ് അടുത്തുനിൽക്കുന്ന സാഹചര്യത്തിൽ പാലം തുറന്നുകൊടുത്താൽ അത് തങ്ങൾക്ക് ഗുണംചെയ്യും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് സർക്കാരിൻ്റെ ഈ നീക്കം എന്ന് ഊഹിക്കാവുന്നതേയുള്ളു. വികസനത്തെക്കുറിച്ച് പറയുമ്പോഴെല്ലാം ഗുജറാത്ത് മോഡൽ ഉയർത്തിക്കാട്ടുന്നവരൊന്നും ഗുജറാത്തിലെ ഈ ദുരന്തം അറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ല. ജനങ്ങളുടെ ജീവനോ സുരക്ഷയ്ക്കോ യാതൊരു പ്രാധാന്യവും നൽകാത്ത ഗുജറാത്ത് സർക്കാരിൻ്റെ ചെയ്തിക്ക് കുടപിടിക്കുകയാണ് മാധ്യമങ്ങളും.
എന്ത് സംഭവിച്ചാലും, മനുഷ്യർ മരിച്ചു വീണാലും ഫോട്ടോഷൂട്ട് നടത്തുന്ന മഹാനാണ് രാജ്യം ഭരിക്കുന്നത്. മോർബി തൂക്കുപാലം തകർന്ന് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ കാണാൻ നരേന്ദ്ര മോദി എത്തുന്നതിന് മുൻപും പിആർ പ്രവർത്തനങ്ങൾ നടന്നിരുന്നു. നരേന്ദ്ര മോദി ആശുപത്രിയിൽ എത്തുന്നതിന് തലേ ദിവസം രാത്രിയാണ് ആശുപത്രി വൃത്തിയാക്കി മോടിപിടിപ്പിച്ചത്. 40 തൊഴിലാളികൾ രാത്രി മുഴുവൻ ജോലി ചെയ്താണ് ഒറ്റ ദിവസം കൊണ്ട് ആശുപത്രി പെയിന്റ് ചെയ്തതും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതും. ശവത്തിന്മേലുള്ള ഇവന്റ് മാനേജ്മെന്റാണ് പ്രധാനമന്ത്രി നടത്തുന്നതെ ന്നാണ് ഇതിനെതിരെ ഉയർന്ന വിമർശനം. ആശുപത്രി മോടിപിടിപ്പിച്ചതൊക്കെ നല്ല കാര്യം. പക്ഷെ നരേന്ദ്ര മോദി എത്തുന്നെങ്കിൽ മാത്രം മതിയോ ആശുപത്രികളിൽ അടിസ്ഥാന സൗകര്യം. അവിടെയാണ് ഇരട്ടത്താപ്പുള്ളത്.
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം രക്തത്തിന് പകരം ജ്യൂസ് കയറ്റി രോഗി മരിച്ചതും നമ്മൾ കണ്ടതാണ്. ബിജെപിയുടെ ഭരണം രാജ്യത്തെ ജനങ്ങൾക്ക് നൽകുന്ന വില ഇതാണ്.
ഇവിടെയാണ് കേരളം ബദലാകുന്നത്. ആരോഗ്യം പൊതുമരാമത്തും തുടങ്ങി എല്ലാ മേഖലകളിലും രാജ്യത്തിന് വികസനത്തിന്റെ ബദലാണ് കേരളം. കേരളത്തിൻ്റെ പൊതുമരാമത്ത് സംവിധാനം രാജ്യത്ത് അതിവേഗം വികസനങ്ങൾ നടപ്പിലാക്കുന്നുണ്ടെങ്കിൽ കേരളത്തിൻ്റെ ആരോഗ്യ രംഗം ലോകത്തിന് തന്നെ മാതൃകയാണ്.
കേരളത്തിൽ നിന്ന് ഗുജറാത്തിലേക്കുള്ള ദൂരം അത്ര വലുതൊന്നുമല്ല. ഇവിടെ കൊലപാതകിയുടെ ബിരുദ സർട്ടിഫിക്കറ്റും, ജൂസിൻ്റെ നിറവുമെല്ലാം ബ്രേക്കിംഗ് ന്യൂസായി മാറിമാറി ചർച്ചയ്ക്കിടുമ്പോൾ വല്ലപ്പോഴും അയല്പക്കത്ത് നടുക്കുന്ന വാർത്തകളും സൈഡിയിലായെങ്കിലും കൊടുക്കണം. തങ്ങളുടെ നാട്ടിലെ ദുരന്തമാണെങ്കിലേ നമുക്ക് നോവൂ എന്ന ചിന്താഗതി മാറ്റിവയ്ക്കണം. ഒന്നുമല്ലെങ്കിലും ഗതാഗതത്തെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്ര സർക്കാർ നീക്കവും, സർക്കാരുകൾക്ക് തോന്നുമ്പടി ഏതെങ്കിലും സ്ഥാപനങ്ങളെ കരാറിൽപ്പിക്കുന്നതും ഒക്കെത്തന്നെയാണ് ദുരന്തത്തിലെ പ്രാഥമിക കാരണങ്ങളെന്ന് അറിയാതിരിക്കുന്നവരൊന്നുമല്ലല്ലോ ഇവർ. കേരളത്തിലാണെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രിയെ രാജിവെപ്പിക്കാനും, AKG സെന്ററിനും കമ്പനികൾക്കുമുള്ള അന്തർധാരയുടെ കെട്ടഴിക്കാനും വലതുപക്ഷവും മാധ്യമങ്ങളും ഒറ്റക്കെട്ടായി നിന്നേനെ.. ഇതിപ്പോ ഗുജറാത്തിൻ്റെ കാര്യമായിപ്പോയില്ലേ.