ദുബായ്: ഐസിസി ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ പക്കിസ്ഥാൻ താരം മുഹമ്മദ് റിസ്വാനെ പിന്തള്ളി ഇന്ത്യൻ താരം സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനത്ത്. ഐസിസി ബുധനാഴ്ച പുറത്തുവിട്ട അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിലെ ബാറ്റർമാരുടെ റാങ്കിങ് പട്ടികയില്ലാണ് സൂര്യകുമാർ യാദവ് മുഹമ്മദ് റിസ്വാനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്. പാക്കിസ്ഥാൻ്റെ ഓപ്പണിങ് ബാറ്ററായ മുഹമ്മദ് റിസ്വാന് ഇന്ത്യൻ താരത്തേക്കാൾ 21 പോയിന്റുകൾ കുറവാണ്. ട്വന്റി 20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് സൂര്യകുമാർ. ഇതിന് മുമ്പ് സൂപ്പർ താരം വിരാട് കോലിയാണ് ട്വന്റി 20 ക്രിക്കറ്റിൽ ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം. നിലവിൽ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് സൂര്യ നടത്തുന്നത്.
ഈ വർഷം കളിച്ച 27 മത്സരങ്ങളിൽനിന്ന് സൂര്യ അടിച്ചെടുത്തത് 965 റൺസാണ്. ഒരു കലണ്ടർ വർഷത്തിൽ ട്വന്റി20 മത്സരങ്ങളിൽ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. ഇന്ത്യയ്ക്കായി ട്വന്റി 20-യിൽ 37 മത്സരങ്ങൾ കളിച്ച താരം ഒരു സെഞ്ചുറിയും 11 അർധസെഞ്ചുറിയും നേടിയിട്ടുണ്ട്.