ബിലാസ്പുർ: ബീഫ് വിറ്റെന്നാരോപിച്ച് ആൾക്കൂട്ടം രണ്ട് പേരെ ക്രൂരമായി മർദിച്ചു. മർദ്ദനമേറ്റ നർസിംങ് ദാസ് (50), രാം നിവാസ് മെഹർ(52) എന്നിവരെ ഛത്തീസ്ഗഢ് പോലീസിൻ്റെ നേതൃത്വത്തിൽ വിവസ്ത്രരാക്കി റോഡിലൂടെ നടത്തിച്ചു. ഛത്തിസ്ഗഢിലെ ബിലാസ്പുറിലാണ് സംഭവം. ഇരുവരെയും മർദിക്കുന്നതിൻ്റെയും റോഡിലൂടെ നടത്തിക്കുകയും ചെയ്യുന്നതിൻ്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. അടിവസ്ത്രം മാത്രം ധരിപ്പിച്ച് റോഡിലൂടെ നടത്തിക്കുന്ന ഇരുവർക്കുമെതിരെ ആൾക്കൂട്ടം കൂവിവിളിക്കുന്നത് വീഡിയോയിലുണ്ട്. ആൾക്കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ പ്രതികളിലൊരാളെ ചവിട്ടുകയും ബെൽറ്റ് കൊണ്ട് അടിക്കുകയും ചെയ്തു.
പൊലീസ് മർദ്ദനമേറ്റവരെ കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും പക്കൽ നിന്നും 33 കിലോഗ്രാം ബീഫ് പിടിച്ചെടുത്തതായും പൊലീയ് അറിയിച്ചു. ഇറച്ചിയുടെ പരിശോധനാ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. ഇരുവരെയും കോടതിയിൽ ഹാജരാക്കി. പ്രതികളെ മർദ്ദിച്ചവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നതിന് പൊലീസ് വിശദീകരണം നൽകിയില്ല. ഇരുചക്രവാഹനത്തിൽ ബീഫ് ചാക്കിൽ കെട്ടി പോകുകയായിരുന്നു ഇവരെന്നും പൊലീസ് പറഞ്ഞു.