ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി ചിദംബരം. ധനമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് പറയുന്ന ആരിഫ് മുഹമ്മദ് ഖാൻ സ്ഥാനമൊഴിയുകയാണ് വേണ്ടത്, ആരിഫ് മുഹമ്മദ് ഖാൻ്റെ വിരട്ടലൊന്നും പിണറായിയുടെ അടുത്ത് വിലപ്പോവില്ലെന്നും ചിദംബരം വ്യക്തമാക്കി.
ഗവർണർക്കെതിരെ എഐസിസി അധ്യക്ഷൻ മല്ലിഗാർജ്ജുൻ ഖാർഗെ രംഗത്ത് വന്നതിന് പിന്നാലെയാണ് ചിദംബരത്തിൻ്റെ പ്രസ്താവന. ഗവർണറെ പിന്തുണക്കുന്ന കേരളാ നേതാക്കളുടെ നിലപാടിൽ ഖാർഗെ അതൃപ്തി അറിയിച്ചിരുന്നു. ഗവർണറെ പിന്തുണയ്ക്കുന്ന കെപിസിസിക്ക് കനത്ത തിരിച്ചടിയാണ് ദേശീയ നേതാക്കളുടെ പ്രതികരണം.
അതേസമയം തമിഴ്നാട്ടിലും ഗവർണർക്കെതിരെ പ്രതിഷേധം ശക്തമാണ്. ഗവർണർ ആർ എൻ രവിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി എം കെ രാഷ്ട്രപതിക്ക് കത്ത് നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. മറ്റു പാർട്ടികളുടെ പിന്തുണ തേടി ഡി എം കെ നിയമസഭാ കക്ഷി നേതാവ് ടി എൻ ബാലു വിവിധ പാർട്ടി നേതാക്കൾക്ക് കത്ത് നൽകി.
ബിജെപി ഇതര ഗവൺമെന്റുകളെ തകർക്കാൻ കേന്ദ്ര സർക്കാർ ഗവർണറെ ഉപയോഗിക്കുന്നു എന്ന ആരോപണമാണ് ഈ സംസ്ഥാനങ്ങളിലെല്ലാം ഉയരുന്നത്.