അഡലെയ്ഡ്: മഴ കളിച്ച കളിയിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ. ജയത്തോടെ സെമി സാധ്യത സജീവമാക്കി ഇന്ത്യ. മത്സരം 16 ഓവറായി ചുരുക്കിയപ്പോൾ പുതുക്കി നിശ്ചയിച്ച 151 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിനെ ഇന്ത്യ 16 ഓവറിൽ 145-6 എന്ന സ്കോറിൽ തളയ്ക്കുകയായിരുന്നു. 185 റൺസ് വിജയത്തിലേക്ക് ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഗംഭീര തുടക്കമാണ് നേടിയത്. ലിറ്റൺ ദാസ് തുടക്കത്തിലെ ആഞ്ഞടിച്ചപ്പോൾ ബംഗ്ലാദേശ് പവർപ്ലേയിൽ തന്നെ മത്സരം കൈയിലാക്കിയിരുന്നു. ഇന്നിങ്സ് ഏഴ് ഓവര്‍ പിന്നിട്ടതിനു പിന്നാലെ മഴയെത്തി. ഈ സമയം ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സെന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. മഴമാറി മത്സരം പുനരാരംഭിച്ചതോടെ ബംഗ്ലാദേശിൻ്റെ വിജയലക്ഷ്യം 16 ഓവറില്‍ 151 റണ്‍സായി പുനര്‍നിശ്ചയിച്ചു. എട്ടാം ഓവറിലെ രണ്ടാം പന്തിൽ കെ എൽ രാഹുലിൻ്റെ നേരിട്ടുള്ള ത്രോ ലിറ്റണെ പുറത്താക്കുമ്പോൾ ടീം സ്കോർ 68ലെത്തി. ലിറ്റൺ 27 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സും സഹിതം 60 റൺസ് നേടി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശിന് വിക്കറ്റുകള്‍ നഷ്ടമായി.
10-ാം ഓവറില്‍ നജ്മുല്‍ ഹുസൈന് ഷാന്റോയെ (21) മുഹമ്മദ് ഷമി മടക്കി. അഫിഫ് ഹുസൈന് (3) യാസിര്‍ അലി (1), മൊസാദെക് ഹുസൈന് (6) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. 12 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനെ പുറത്താക്കി അര്‍ഷ്ദീപ് സിങ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി.
13-ാം ഓവറിലെ രണ്ടാം പന്തില്‍ യാസിർ ഷായെയും(3 പന്തില്‍ 1), അഞ്ചാം പന്തില്‍ മൊസദേക് ഹൊസൈനേയും(3 പന്തില്‍ 6) പുറത്താക്കി ഹാർദിക് പാണ്ഡ്യയും ആഞ്ഞടിച്ചു. നൂരുല് ഹസനും(14 പന്തില്‍ 25*), ടസ്കിന് അഹമ്മദും(7 പന്തില്‍ 14*) ഒരുകൈ നോക്കിയെങ്കിലും അർഷിന്റെ അവസാന ഓവർ ഇന്ത്യക്ക് ജയമൊരുക്കി. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ്ങും ഹാർദിക് പാണ്ഡ്യയും രണ്ടു വിക്കറ്റു വീതം വീഴ്ത്തി. മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 184 റൺസ് എടുത്തു. ഫോമിലേക്ക് തിരിച്ചെത്തിയ കെ. എൽ.രാഹുൽ 32 പന്തുകളിൽ 50 വിരാട് കോലി 44 പന്തുകളിൽ 64 അർധസെഞ്ചറികളുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. ശ്രദ്ധയോടെ തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെ (2) നഷ്ടമായി. തുടർന്ന് ക്രീസിലൊന്നിച്ച രാഹുൽ – വിരാട് കോലി സഖ്യം 67 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്നിങ്സ് ട്രാക്കിലാക്കി. ഇതിനിടെ വിമർശകരുടെ വായ അടപ്പിച്ച് രാഹുൽ അർധ സെഞ്ചുറി നേടി. 32 പന്തുകൾ നേരിട്ട രാഹുൽ നാല് സിക്സും മൂന്ന് ഫോറുമടക്കം 50 റൺസെടുത്തു. അർധ സെഞ്ചുറി തികച്ച് തൊട്ടടുത്ത പന്തിൽ രാഹുൽ പുറത്തായി. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാർ യാദവ് 16 പന്തിൽ നിന്ന് നാല് ബൗണ്ടറിയടക്കം 30 റൺസെടുത്ത് മടങ്ങി. തുടർന്നെത്തിയ ഹാർദിക് പാണ്ഡ്യ (5), ദിനേഷ് കാർത്തിക്ക് (7), അക്ഷർ പട്ടേൽ (7) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. അശ്വിൻ ആറ് പന്തിൽ നിന്ന് 13 റൺസെടുത്തു. ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാക്കിബ് അൽ ഹസൻ രണ്ടു വിക്കറ്റെടുത്തു.