രാജസ്ഥാൻ മുഖ്യമന്തി അശോക് ഗെഹ്ലോട്ട് പാർട്ടി വിട്ടേക്കുമെന്ന് പരോക്ഷ പ്രസ്താവനയുമായി സച്ചിൻ പൈലറ്റ്. ചൊവ്വാഴ്ച രാജസ്ഥാനിൽ നടന്ന സർക്കാർ പരിപാടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, അശോക് ഗെഹ്ലോട്ടിനെ മുതിർന്ന മുഖ്യമന്ത്രിയെന്ന് പുകഴ്ത്തിയത് കൗതുകകരമാണെന്ന് സച്ചിൻ പറഞ്ഞു.
ആ അഭിനന്ദനത്തെ നിസ്സാരമായി കാണാനാകില്ല. എല്ലാവർക്കും അറിയാം പ്രധാനമന്ത്രി ഗുലാം നബി ആസാദിനെ അഭിനന്ദിച്ചതിനു ശേഷം എന്താണ് സംഭവിച്ചതെന്ന്, സച്ചിൻ പൈലറ്റ് പറഞ്ഞു. കോൺഗ്രസിൻ്റെ ദേശീയ മുഖമായിരുന്നു ഗുലാം നബി ആസാദ് കഴിഞ്ഞ മാസമാണ് കോൺഗ്രസ് വിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അശോക് ഗെഹ്ലോട്ടും പ്രശംസിച്ചിരുന്നു. മോദിക്ക് വിദേശ രാജ്യങ്ങളിൽ നല്ല സ്വീകാര്യത ലഭിക്കുന്നുണ്ടെന്നായിരുന്നു ഗെഹ്ലോട്ടിൻ്റെ പരാമർശം.
അതേസമയം അച്ചടക്കമില്ലായ്മയുടെ പേരിൽ എഐസിസി നോട്ടീസ് നൽകിയവർക്കെതിരെ പാർട്ടി ഉടൻ നടപടിയെടുക്കണമെന്നും സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടിരുന്നു.