കൽപ്പറ്റ: സോൾട്ട് ആന്റ് പെപ്പർ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു വിടവാങ്ങി. 90-ാം വയസിലാണ് വിയോഗം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് കേളു മൂപ്പൻ്റെ അന്ത്യം.
സോൾട്ട് ആന്റ് പെപ്പറിൽ മൂപ്പൻ എന്ന കഥാപാത്രത്തിലാണ് കേളു എത്തിയത്. സംസാരങ്ങൾ ഇല്ലെങ്കിലും മൂപ്പൻ കഥാപാത്രത്തിൻ്റെ പുഞ്ചിരിയാണ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ആഴത്തിൽ പതിഞ്ഞത്. ചിത്രത്തിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ കേളു മൂപ്പൻ്റെ സാന്നിധ്യമുണ്ടായിരുന്നു. ദോശയുണ്ടാക്കിയ കഥ എന്ന ലേബലിലാണ് ചിത്രം അറിയപ്പെട്ടിരുന്നുവെങ്കിലും കേളു മൂപ്പനും ചിത്രത്തിൻ്റെ കാതൽ തന്നെയായിരുന്നു.
കൂടാതെ പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. എങ്കിലും സോൾട്ട് ആന്റ് പെപ്പറിലെ കഥാപാത്രമാണ് താരത്തെ കൂടുതൽ ജനപ്രിയനാക്കിയത്. ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗം കൂടിയായിരുന്നു കേളു മൂപ്പൻ. മീനാക്ഷിയാണ് ഭാര്യ. പുഷ്പ, രാജൻ, മണി, രമ എന്നിവർ മക്കളാണ്. ശവസംസ്കാരം ബുധനാഴ്ച വെകീട്ട് വീട്ടുവളപ്പിൽ നടത്തും.