പ്രതികാര നടപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എട്ട് വൈസ് ചാൻസലർമാരുടെ ശമ്പളം തിരികെ പിടിക്കാൻ നീക്കം. നിയമനം ലഭിച്ചത് മുതൽ ഇതുവരെയുള്ള ശമ്പളം തിരിച്ച് പിടിക്കാൻ നടപടി സ്വീകരിക്കുമെന്നാണ് വിവരം. നിലവിൽ ഡൽഹിയിലുള്ള ഗവർണർ സംസ്ഥാനത്ത് തിരിച്ചെത്തിയാൽ ഉത്തരവ് ഇറക്കും.വൈസ് ചാൻസലർമാർക്ക് അയച്ച കാരണം കാണിക്കൽ നോട്ടീസിൻ്റെ കാലാവധി വ്യാഴാഴ്ച തീരാനിരിക്കെയാണ് ഗവർണറുടെ നീക്കം.
അതേസമയം ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് ഏഴ് സർവകലാശാല വൈസ് ചാൻസലർമാർ ഹൈക്കോടതിയിൽ. ഗവർണറുടെ കാരണംകാണിക്കൽ നോട്ടിസ് നിയമവിരുദ്ധമെന്ന് ആരോപിച്ചാണ് വൈസ് ചാൻസലർമാർ ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളെ പുറത്താക്കാതിരിക്കാനുള്ള കാരണം ചോദിക്കാൻ ചാൻസലർക്ക് അധികാരമില്ലെന്നും നോട്ടിസ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നിലവിലുള്ള 6 വൈസ് ചാൻസലർമാരോടൊപ്പം, കേരള സർവകലാശാലയിൽ നിന്ന് വിരമിച്ച വി.സി. ഡോ. മഹാദേവൻ പിള്ളയും ചേർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.