അഡലെയ്ഡ്: ട്വന്റി 20 ലോകകപ്പ് ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 185 റൺസ് വിജയലക്ഷ്യം. അഡ്ലെയ്ഡ് ഓവലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് എടുത്തു. ഫോമിലേക്ക് തിരിച്ചെത്തിയ കെ. എൽ.രാഹുൽ 32 പന്തുകളിൽ 50 വിരാട് കോലി 44 പന്തുകളിൽ 64 അർധസെഞ്ചറികളുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. ഈ ലോകകപ്പിലെ മൂന്നാം അര്‍ധ സെഞ്ചുറി നേടിയ കോലി 44 പന്തില്‍ നിന്ന് ഒരു സിക്സും എട്ട് ബൗണ്ടറിയുമടക്കം 64 റണ്‍സോടെ പുറത്താകാതെ നിന്നു. കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ശ്രദ്ധയോടെ തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശര്‍മയെ (2) നഷ്ടമായി. തുടര്‍ന്ന് ക്രീസിലൊന്നിച്ച രാഹുല്‍ – വിരാട് കോലി സഖ്യം 67 റണ്‍സിൻ്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്നിങ്സ് ട്രാക്കിലാക്കി. ഇതിനിടെ വിമർശകരുടെ വായ അടപ്പിച്ച് രാഹുൽ അര്‍ധ സെഞ്ചുറി നേടി. 32 പന്തുകള്‍ നേരിട്ട രാഹുല്‍ നാല് സിക്സും മൂന്ന് ഫോറുമടക്കം 50 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി തികച്ച് തൊട്ടടുത്ത പന്തില്‍ രാഹുല്‍ പുറത്തായി. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് 16 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 30 റണ്‍സെടുത്ത് മടങ്ങി. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യ (5), ദിനേഷ് കാര്‍ത്തിക്ക് (7), അക്ഷര്‍ പട്ടേല്‍ (7) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. അശ്വിന് ആറ് പന്തില്‍ നിന്ന് 13 റണ്‍സെടുത്തു. ബംഗ്ലാദേശിനായി ഹസന് മഹ്മൂദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാക്കിബ് അല്‍ ഹസന് രണ്ടു വിക്കറ്റെടുത്തു.