ബൈജൂസ് ആപ്പിലെ ജീവനക്കരെ പിരിച്ചുവിടാനോ ഡെവലപ്മെന്റ് സെൻ്റർ തിരുവനന്തപുരത്ത് നിന്ന് മാറ്റാനോ തീരുമാനമില്ലെന്ന് സ്ഥാപകൻ ബൈജു രവീന്ദ്രൻ. സ്ഥാപനത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരത്തെ ജീവനക്കാരെ ബെംഗളുരു ഓഫീസിലേക്ക് മാറ്റാനും കുറച്ചു പേരെ പിരിച്ചു വിടാനും കമ്പനി തീരുമാനിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ബൈജൂസ് ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന തരത്തിലുള്ള പ്രചാരങ്ങളും ഉണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം തിരുവനന്തപുരം ഡെവലപ്മെന്റ് സെന്ററില്‍ മാറ്റാന്‍ തീരുമാനിച്ച 140 ജീവനക്കാര്‍ക്കും അവിടെ തന്നെ തുടരാമെന്ന് ബൈജു രവീന്ദ്രൻ വ്യക്തമാക്കി. കമ്പനിയുടെ ആഗോളതലത്തിലുള്ള പുനര്‍രൂപീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിനു ശേഷം ഏറെ വൈകിയാണ് തിരുവനന്തപുരം സെന്ററിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ അറിഞ്ഞതെന്നും ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് മുഖ്യമന്ത്രിയെ അറിയിച്ചു.
കേരളത്തിൽ ബൈജൂസിന് 11 ഓഫീസുകളിലായി 3000 ത്തോളം ജീവനക്കാരമുള്ളത്. പുതിയ ഓഫീസുകളുടെ തുടക്കത്തോടെ 600 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ജീവനക്കാരുടെ എണ്ണം 3,600 ആയി ഉയരുമെന്നും ബൈജൂസ് വ്യക്തമാക്കി.