അഡ്ലെയ്ഡ്: ടി20 ലോകകപ്പിൽ സെമിപ്രതീക്ഷ നിലനിർത്താൻ ഇന്ത്യ ഇന്നിറങ്ങും. അഡ്ലെയ്ഡ് ഓവലിൽ ഉച്ചയ്ക്ക് 1:30 ന് നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശാണ് എതിരാളി. ബംഗ്ലാദേശിനെ വീഴ്ത്താനായാൽ ഇന്ത്യക്ക് ഏറെക്കുറെ സെമി ഉറപ്പിക്കാം. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിനു പകരം ഋഷഭ് പന്ത് കളിച്ചേക്കും. മത്സരത്തിന് മഴ ഭീഷണിയുണ്ടെങ്കിലും മത്സരം തടസപ്പെടില്ലെന്നാണ് സൂചന.
സൂപ്പർ 12ൽ ഇതുവരെ 3 മത്സരം കളിച്ച ഇന്ത്യ രണ്ടെണ്ണത്തിൽ വിജയിച്ച് 4 പോയിൻ്റുമായി ഗ്രൂപ്പ് രണ്ടിൽ രണ്ടാമതാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റുള്ള ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. തുടരെ പരാജയപ്പെടുന്ന ഓപ്പണർ കെ.എൽ.രാഹുലിനെ ഒഴിവാക്കില്ലെന്ന് കോച്ച് രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയതോടെ ഇന്ത്യയുടെ മുൻനിരയിൽ വലിയമാറ്റങ്ങൾക്ക് സാധ്യതയില്ല. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പൂർണമായും നിരാശപ്പെടുത്തിയ ദീപക് ഹൂഡക്ക് പകരം അക്സർ പട്ടേൽ ടീമിലെത്തിയേക്കും.