തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസിൽ പ്രതി ഗ്രീഷ്മയുടെ വീട് പൊലീസ് സീൽ ചെയ്തു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവൻ നിർമൽ കുമാറിനെയും വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. സ്ഥലത്ത് എത്തിയ പോലീസ് സംഘം പ്രതിയായ നിർമൽകുമാറുമായി ഗ്രീഷ്മയുടെ വീടിന് സമീപത്തെ കുളത്തിന് സമീപത്തേക്കാണ് ആദ്യം പോയത്. ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ കലർത്തിനൽകിയ കളനാശിനിയുടെ കുപ്പി ഇവിടെ ഉപേക്ഷിച്ചെന്നായിരുന്നു ഇയാളുടെ മൊഴി. കുപ്പി ഉപേക്ഷിച്ച സ്ഥലം പ്രതി കാണിച്ചുനൽകി. കുളത്തിന് സമീപത്തെ കാട്ടിൽനിന്ന് കളനാശിനിയുടെ കുപ്പി പോലീസ് സംഘം കണ്ടെടുത്തു. കുപ്പി ഉപേക്ഷിച്ചത് എങ്ങനെയാണെന്നും വിശദീകരിച്ചു.
ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികളും കീടനാശിനിയുടെ ലേബലും കിട്ടി. കീടനാശിനി കളയാൻ ഉപയോഗിച്ച സ്കൂട്ടറും അന്വേഷണ സംഘം പിടിച്ചെടുത്തു. തെളിവെടുപ്പിന് ശേഷം പ്രതികളെ പാറശ്ശാല സ്റ്റേഷനിലെത്തിച്ചു.
കേസിൽ ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. തെളിവുകൾ നശിപ്പിച്ചതിന് ഇരുവരെയും ഇന്നലെ പ്രതി ചേർത്തിരുന്നു. ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് ഷാരോൺ രാജിൻ്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു.