സംസ്ഥാനത്തെ മാധ്യമങ്ങൾ ആറുമാസത്തിനുള്ളിൽ നിയന്ത്രണവിധേയമാക്കുമെന്ന് ബിജെപിയുടെ തമിഴ്നാട് യൂണിറ്റിന്റെ പുതിയ പ്രസിഡന്റ് കെ. അണ്ണാമലൈ. കോയമ്പത്തൂരിൽ നിന്ന് മൂന്ന് ദിവസത്തെ റോഡ്ഷോയുടെ ഭാഗമായി ജൂലൈ 14 ന് നമക്കലിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്താണ് അണ്ണാമലൈ മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. മാധ്യമങ്ങളെക്കുറിച്ച് മറക്കുക. അടുത്ത ആറ് മാസത്തിനുള്ളിൽ, മാധ്യമങ്ങളെ നമ്മുടെ നിയന്ത്രണത്തിലാക്കാനും അവ ഏറ്റെടുക്കാനും ബിജെപിക്കു കഴിയുമെന്നും നിങ്ങൾ കാണും. തെറ്റായ വിവരങ്ങൾ തുടർച്ചയായി പ്രദർശിപ്പിക്കാൻ ഒരു മാധ്യമത്തിനും അനുവാദമില്ല. എല്ലാ മാധ്യമങ്ങളും തന്റെ മുൻഗാമിയായ എൽ. മുരുകന്റെ കീഴിൽ വരുമെന്നും അദ്ദേഹമിപ്പോൾ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയാണെന്നുമുള്ള അണ്ണാമലൈയുടെ പ്രസ്താവനകൾക്കെതിരെ പ്രമുഖർ രംഗത്തെത്തി.
ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കഠിനാധ്വാനം ചെയ്യണമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി 4 എംഎൽഎമാരിൽ നിന്ന് 150 എംഎൽഎമാരിലേക്ക് പോകണമെന്നും കർണാടക കേഡറിന്റെ മുൻ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ റോഡ് ഷോയിൽ പ്രസംഗിച്ചു. തമിഴ്നാട്ടിലെ പുതിയ വിവാദത്തിനാണ് അണ്ണാമലൈ തിരികൊളുത്തിയിരിക്കുന്നത്.
അണ്ണാമലെയുടെ പ്രസ്താവന ഭയപെടുത്തുന്നതാണെന്നും അപലപനീയമാണെന്നും തമിഴ്നാട് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി മനോ തങ്കരാജ് പ്രതികരിച്ചു.