മോർബി തൂക്കുപാലം തകർന്ന് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുൻപ് മോർബിയിലെ സർക്കാർ ആശുപത്രി നവീകരിച്ചു. നരേന്ദ്ര മോദിയുടെ ഫോട്ടോഷൂട്ട് പ്രചരണത്തിൻ്റെ ഭാഗമായാണ് ആശുപത്രി നവീകരിച്ചതെന്നാണ് പ്രതിപക്ഷം ആരോപണം. ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാൻ എത്തുന്നത്. അതിന് മുന്നോടിയായിട്ടാണ് ഒറ്റ രാത്രികൊണ്ട് ആശുപത്രി നവീകരിച്ചത്. ചുമരുകളും മേൽക്കൂരയുടെ ഭാഗങ്ങളും പുതുതായി പെയിന്റ് ചെയ്തു. പുതിയ വാട്ടർ കൂളറുകൾ കൊണ്ടുവന്നു. ടൈലുകൾ മാറ്റി പുതിയതാക്കി. പാലം ദുരന്തത്തിൽ പരിക്കേറ്റവരിൽ 13 ഓളം പേരെ പ്രവേശിപ്പിച്ചിരിക്കുന്ന രണ്ട് വാർഡുകളിലെ ബെഡ്ഷീറ്റുകളും വേഗത്തിൽ മാറ്റി. രാത്രി ഏറെ വൈകിയും നിരവധി ആളുകൾ പരിസരം തൂത്തുവാരുന്നതുമായ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോഷൂട്ടിനിടെ കെട്ടിടത്തിൻ്റെ മോശം അവസ്ഥ പുറത്തുവരാതിരിക്കാനാണ് മോർബി സിവിൽ ആശുപത്രി ഒറ്റരാത്രികൊണ്ട് പെയിന്റ് ചെയ്തതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഫോട്ടോഷൂട്ട് ഉറപ്പാക്കാൻ ബിജെപി ഇവന്റ് മാനേജ്മെന്റിൻ്റെ തിരക്കിലാണെന്ന് കോൺഗ്രസ്സും ആരോപിച്ചു. ‘ദുരന്ത ഇവന്റ്’ എന്ന അടിക്കുറിപ്പോടെയാണ് നവീകരണ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കോൺഗ്രസ് ട്വീറ്റ് ചെയ്തത്.
അതേസമയം തൂക്കുപാലം തകർന്ന് മരിച്ചവരുടെ എണ്ണം 141 ആയി. 177 പേരെ രക്ഷപ്പെടുത്തി. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ഞായർ വൈകിട്ട് ആറരയോടെയാണ് 143 വർഷം പഴക്കമുള്ള തൂക്കുപാലം നദിയിലേക്ക് തകർന്നുവീണത്. അറ്റകുറ്റപ്പണി നടന്നുകൊണ്ടിരുന്ന പാലം ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെയാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.