ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണയ്ക്കുന്ന കെ പി സി സി നിലപാടില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് അതൃപ്തി. ഗവർണറെ പിന്തുണയ്ക്കുന്ന നിലപാട് കോൺഗ്രസിനില്ലെന്നും ഖാർഗെ വ്യക്തമാക്കി. ഗവർണർ വിഷയത്തിൽ ഖാർഗെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും എൻസിപി അധ്യക്ഷൻ ശരത് പവാറുമായും ചർച്ച നടത്തി.
കഴിഞ്ഞ ദിവസങ്ങളിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗവർണറെ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖാർഗെയുടെ പ്രതികരണം.
കണ്ണൂർ സർവകലാശാലയിലെ നിയമനം മരവിപ്പിച്ചതും ബന്ധുനിയമനങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുന്നതും ഗവർണർപദവിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതാണെന്നായിരുന്നു കെ സുധാകരൻ്റെ പ്രതികരണം. ഗവർണറെ അപായപ്പെടുത്താനും ഉപദ്രവിക്കാനും ശ്രമിച്ചതിനുപിന്നിൽ കണ്ണൂർ വി സിയാണെന്ന ആരോപണം ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ആന്റോ ആന്റണിയും ഞായറാഴ്ച ഗവർണർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളി ദേശീയ അധ്യക്ഷന്‍ രംഗത്തെത്തിയത്.