ന്യൂഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പാർടി പൊളിറ്റ് ബ്യൂറോ അംഗമായി കേന്ദ്ര കമ്മിറ്റി യോഗം ഐകണ്ഠ്യേന തെരഞ്ഞെടുത്തു. ദില്ലിയിൽ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ എം.വി.ഗോവിന്ദനെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പിബിയിലേക്ക് നിർദേശിച്ചു. കേന്ദ്രകമ്മിറ്റി ഈ തീരുമാനം ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാൻ കോടിയേരി ബാലകൃഷ്ണന് രോഗാവസ്ഥമൂലം കഴിയാത്ത സാഹചര്യത്തിൽ ആഗസ്റ്റ് 28നാണ് എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. രണ്ടാം പിണറായി മന്ത്രിസഭയിൽ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി ആയിരിക്കെയാണ് കേന്ദ്രകമ്മിറ്റിയംഗമായ എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയാകുന്നത്.
പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തത്തിൽ സന്തോഷമുണ്ടെന്ന് ഗോവിന്ദൻ പ്രതികരിച്ചു. അഭിമാനമുണ്ട്. പാർട്ടി അർപ്പിച്ച വിശ്വാസം പ്രവർത്തനത്തിലൂടെ കാത്തുസൂക്ഷിക്കും. സംസ്ഥാന സെക്രട്ടറി എന്ന നിലയിലും പിബി അംഗമെന്ന നിലയിലും കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ടുപോകാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു
1996ലും 2001ലും 2021ലും തളിപ്പറമ്പിൽനിന്ന് നിയമസഭയിലെത്തി. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ്, കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ്, സിപിഎം കാസർകോട് ഏരിയ സെക്രട്ടറി, കണ്ണൂർ, എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ദേശാഭിമാനി, മാർക്സിസ്റ്റ് സംവാദം ചീഫ് എഡിറ്ററായും പ്രവർത്തിച്ചു.
‘സൗന്ദര്യപ്പിണക്കമല്ല, ഗവര്‍ണറുമായി ചര്‍ച്ചയ്ക്കില്ല; എം വി ഗോവിന്ദന്