ആർ എസ് പി നേതാവ് ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം മറ്റന്നാൾ.
ആർഎസ്പിയുടെ വിദ്യാർത്ഥി സംഘടനയായ പിഎസ്യുവിലൂടെ പൊതുരംഗത്തു വന്ന ടി.ജെ ചന്ദ്ര ചൂഡൻ പിഎസ്യു സംസ്ഥാന പ്രസിഡന്റ്, പിവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു.1975 ൽ ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും 1990 ൽ കേന്ദ്ര സെക്രട്ടറിയേറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1999 ൽ സംസ്ഥാന സെക്രട്ടറിയായി. 2008 ഫെബ്രുവരി 21 മുതൽ 24 വരെ ഡൽഹിയിൽ നടന്ന പതിനെട്ടാം ദേശീയ സമ്മേളനത്തിലും 2012 ഏപ്രിൽ 20 മുതൽ 23 വരെ പശ്ചിമ ബംഗാളിലെ ആലിപ്പൂർ ദുവാറിൽ നടന്ന പത്തൊമ്പതാം ദേശീയ സമ്മേളനത്തിലും 2015 ഡിസംബർ 8 മുതൽ 11 വരെ ഡൽഹിയിൽ നടന്ന ഇരുപതാം ദേശീയ സമ്മേളനത്തിലും ചന്ദ്രചൂഡൻ ദേശീയ ജനറൽസെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു.
ബേബി ജോണിനും കെ പങ്കജാക്ഷനും ശേഷം ആർഎസ്പി ദേശീയ ജനറൽസെക്രട്ടറി പദവിയിൽ എത്തിയ കേരളീയനാണ് ചന്ദ്രചൂഡൻ. ഒന്നാം യുപിഎ സർക്കാരിൻ്റെ കാലത്ത് ഇടതു – യു പി എ കോർ കമ്മിറ്റിയിൽ അംഗമായിരുന്നു.
കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബി എയും എം എയും ഒന്നാം റാങ്കോടെ പാസായ അദ്ദേഹം 1960 കളിൽ കെ. ബാലകൃഷ്ണൻ്റെ കൗമുദി വാരികയുടെ സഹപത്രാധിപർ ആയി. 1969 – 87 കാലയളവിൽ ദേവസ്വം കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫ: ടി.ജെ. ചന്ദ്ര ചൂഡൻ PSC അംഗമായും സേവനം അനുഷ്ഠിച്ചു. 1982 ലും 1987 ലും തിരുവനന്തപുരം വെസ്റ്റിലും 2006 ൽ ആര്യനാട് നിന്നും നിയമ സഭയിലേക്കും മത്സരിച്ചുവെങ്കിലും പരാജിതനായി.
ട്രേഡ് യൂണിയൻ രംഗത്തും സജീവം ആയ അദ്ദേഹം കേരള കൺസ്ട്രക്ഷൻ ലേബർ യൂണിയൻ , തയ്യൽ തൊഴിലാളി യൂണിയൻ എന്നിവയുടെ സംസ്ഥാന പ്രസിഡന്റ് ആണ്. കെ. പങ്കജാക്ഷൻ ഫൌണ്ടേഷൻ പ്രസിഡന്റ്, ടി.കെ സ്മാരക ലൈബ്രറി & ലേബർ റിസർച് സെന്റർ പ്രസിഡന്റ് , തിരുവനന്തപുരം പേട്ടയിൽ പ്രവർത്തിക്കുന്ന യംഗ്സ്റ്റേഴ്സ് ക്ലബ് പ്രസിഡൻറ് എന്നീ ചുമതലകളും വഹിക്കുന്നു. മാർക്സിസം വർത്തമാന പ്രസക്തം, രാഷ്ട്രതന്ത്രം, ഫ്രഞ്ചു വിപ്ലവം, അഭിജാതനായ ടി.കെ , വിപ്ലവത്തിൻ്റെ മുൾപാതയിലൂടെ നടന്നവർ, കെ.. ബാലകൃഷ്ണൻ മലയാളത്തിൻ്റെ ജീനിയസ് എന്നീ ഗ്രന്ഥങ്ങൾ രചിച്ചു.
ടി.ജെ ചന്ദ്രചൂഢൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
ആർ എസ് പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ടി.ജെ ചന്ദ്രചൂഢൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിന് തൊഴിലാളി വിഭാഗങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കുന്നതിന് പരിശ്രമിച്ച നേതാവായിരുന്നു അദ്ദേഹം. പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം തലസ്ഥാനത്തെ സാമൂഹ്യ- സാംസ്കാരിക സദസ്സുകളിൽ സജീവ സാന്നിധ്യമായിരുന്നു. യുപിഎ ഭരണകാലത്ത് ദേശീയ രാഷ്ട്രീയത്തിലും ചന്ദ്രചൂഡൻ ശ്രദ്ധേയനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.