പാറശ്ശാലയിലെ ഷാരോൺ രാജിൻ്റെ ദുരൂഹ മരണത്തിൽ വഴിത്തിരിവ്. ഷാരോൺ രാജിനെ കൊന്നതാണെന്ന് വനിതാ സൃഹൃത്ത് അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തി. ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്നാണ് സുഹൃത്തായ ഗ്രീഷ്മയുടെ മൊഴി. അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മയുടെ വെളിപ്പെടുത്തൽ. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
റൂറൽ എസ്പി ഡി ശിൽപയുടെ നേതൃത്വത്തിലാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്. രാവിലെ പത്തുമണിയോടെയാണ് ഗ്രീഷ്മയും കുടുംബവും എസ് പി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായത്.
ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷാരോൺ മരിച്ചത്. ഈ മാസം 25നായിരുന്നു ഷാരോണിൻ്റെ മരണം. സംഭവത്തിനു പിന്നാലെ മരണത്തിൽ ഷാരോണിൻ്റെ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പാറശ്ശാല പോലീസ് അന്വേഷിച്ചിരുന്ന കേസിൽ എസ് പി ഡി ശിൽപ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ജെ ജോൺസൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് ഏറ്റെടുത്ത് ഇരുപത്തിനാല് മണിക്കൂറിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൊവ്വാഴ്ച കിട്ടുമെന്നാണു ക്രൈംബ്രാഞ്ച് നിഗമനം. ഇതിനു ശേഷം ആവശ്യമെങ്കിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കും. ആന്തരികാവയവങ്ങളുടെ തകരാറാണ് മരണ കാരണമെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.