ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ആന്റോ ആന്റണി എം പി. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയ വത്ക്കരിച്ചു. ഇക്കാര്യത്തിൽ ഗവർണർ സ്വീകരിച്ച നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും ആന്റോ ആന്റണി പറഞ്ഞു. ലോക മലയാളി ഫെഡറേഷൻ്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അന്റോ ആന്റണി. ഗവർണറുടെ സാന്നിധ്യത്തിലാണ് ആന്റോ ആന്റണിയുടെ പ്രസ്താവന.
ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തേയ്ക്ക് പോകേണ്ടി വരുന്നു. എല്ലാ മേഖലയിലെയും രാഷ്ട്രീയവത്ക്കരണം വികസനത്തെ ബാധിച്ചു. സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം ജനങ്ങളെ ബാധിക്കുന്നില്ല എന്നും ആന്റോ ആന്റണി പറഞ്ഞു. നേരത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗവർണറെ പിന്തുണച്ചിരുന്നു.
കണ്ണൂർ സർവകലാശാലയിലെ നിയമനം മരവിപ്പിച്ചതും ബന്ധുനിയമനങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുന്നതും ഗവർണർപദവിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതാണെന്നായിരുന്നു കെ സുധാകരൻ്റെ പ്രതികരണം. ഗവർണറെ അപായപ്പെടുത്താനും ഉപദ്രവിക്കാനും ശ്രമിച്ചതിനുപിന്നിൽ കണ്ണൂർ വി സിയാണെന്ന ആരോപണം ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ ബിജെപി ഇതര ഗവൺമെന്റുകളെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ഗവർണർമാരെ ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണങ്ങൾ ശക്തിപ്പെടുന്നതിനിടയിലാണ് കോൺഗ്രസ് ഗവർണറെ പിന്തുണക്കുന്നത്.