ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പ്രവർത്തനങ്ങൾ തീർത്തും നിരാശാജനകമാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പി സായ്നാഥ്. കൂടുതൽ ശക്തമായി ചെറുത്തുനിൽക്കുക മാത്രമാണ് കേരള ജനതയ്ക്കു മുന്നിലുള്ള പോംവഴിയെന്നും സായ്നാഥ് പറഞ്ഞു. കേരള മീഡിയ അക്കാദമി കൊല്ലത്ത് സംഘടിപ്പിച്ച പരിപാടിയിൽ മാധ്യമ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് പുരോഗമന നിലപാടുയർത്തിപ്പിടിച്ചൊരാൾ കേരളത്തിൻ്റെ ഗവർണർ ആയതിൽ സന്തോഷം തോന്നിയിരുന്നു. മറ്റു പല സംസ്ഥാനങ്ങളെപ്പോലെ ആകാതെ കേരളത്തിന് കുറച്ച് ഭേദപ്പെട്ടയാളെ ലഭിച്ചല്ലോയെന്നാണ് കരുതിയത്. എന്നാൽ, ഇപ്പോൾ അദ്ദേഹത്തിൻ്റെ മാറ്റംകണ്ട് തീർത്തും നിരാശനാണ്.
നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും കോർപ്പറേറ്റ് മാധ്യമങ്ങൾ നൽകുന്ന ശ്രദ്ധയും അംഗീകാരവും കൈയടിയും ഇവിടത്തെ മാധ്യമങ്ങളിൽനിന്ന് തനിക്ക് ലഭിക്കുന്നില്ല എന്ന തോന്നലാണ് അദ്ദേഹത്തെ മാധ്യമങ്ങൾക്കെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നത്. ബനാറസ് ഹിന്ദു സർവകലാശാലയിൽ മുസ്ലീമായ സംസ്കൃതാധ്യാപകനെ ഓടിച്ചപോലെ കേരളം “കാര്യങ്ങൾ ശരിയായി’ ചെയ്യണമെന്നാണ് ചില ദേശീയമാധ്യമങ്ങൾ പറയുന്നതെന്നും സായ്നാഥ് പരിഹസിച്ചു.