ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഊന്നിയുള്ള ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുന്നത് കമ്മ്യൂണിസ്റ്റുകൾ മാത്രമാണെന്ന് മുൻ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തൊടുപുഴയിൽ ‘ഭരണഘടനയും ദേശീയതയും’ സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ആദ്യമായി അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് മന്ത്രിസഭ ഭൂപരിഷ്കരണ രംഗത്തും ആരോഗ്യ – വിദ്യാഭ്യാസ മേഖലയിലും നടപ്പാക്കിയ പരിഷ്കാരങ്ങൾ ഇതിന് ഉദാഹരണമാണ്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിച്ച ആ സർക്കാരിനെ കോൺഗ്രസ് ഭരണം പരിച്ചുവിട്ടത് ഭരണഘടനാ ലംഘനമായിരുന്നു. ഭരണഘടന വിഭാവനചെയ്യുന്ന അധികാര വികേന്ദ്രീകരണത്തെ അടിയന്തരാവസ്ഥയിലൂടെ അട്ടിമറിച്ചതും കോൺഗ്രസാണ്. 1991 ൽ കോൺഗ്രസ് ആരംഭിച്ച നവലിബറൽ നയങ്ങൾ ശക്തമായി ബിജെപി പിന്തുടരുന്നു. കോൺഗ്രസിൻ്റെ ശക്തിക്ഷയിച്ചതോടെ വലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടണമെന്ന് ആഗ്രഹിച്ച കോർപ്പറേറ്റുകൾ ബിജെപിയെ സഹായിച്ചു.
മനുഷ്യനെ വർഗീയ വേർതിരിവുകൾ സൃഷ്ടിച്ച് തമ്മിലടിപ്പിക്കുകയാണ്. ഇതിനെയും എതിർക്കുന്നത് ഇടതുപക്ഷമാണ്. ഇതിനെതിരായ കേരളത്തിൻ്റെ ബദലുകൾ രാഷ്ട്രീയ ബദലുകളായി മാറുന്നു. വിജ്ഞാനത്തെ ജനകീയമാക്കി മാറ്റാനാണ് കേരളം ശ്രമിക്കുന്നത്. സിഐടിയു പൊതുരംഗത്ത് നിലയുറപ്പിച്ച് രാഷ്ട്രീയ ദിശാബോധമുള്ളവരായി മാറണമെന്നും എൽഡിഎഫ് പ്രസ്ഥാനത്തെ ജനമനസ്സുകളിൽ എത്തിക്കാൻ ശ്രമിക്കണമെന്നും രവീന്ദ്രനാഥ് പറഞ്ഞു.