ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം എൽ എ യുവതിയെ കോവളത്തെത്തിച്ച കാർ കസ്റ്റഡിയിലെടുത്തു. എൽദോസിൻ്റെ സുഹൃത്ത് ജിഷ്ണുവിൻ്റെ കാറാണ് ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിഷ്ണുവിന് നോട്ടീസ് നൽകിയാണ് കാർ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. യുവതിയുടെ വാടകവീട്ടിൽ വരാൻ എൽദോസ് കുന്നപ്പിള്ളി സ്ഥിരമായി ഉപയോഗിക്കുന്നത് സുഹൃത്ത് ജിഷ്ണുവിൻ്റെ കാറാണ്. ഈ കാറിലാണ് പരാതിയിൽ പറയുന്ന ദിവസം യുവതിയെ കോവളത്ത് എത്തിച്ചതും ആക്രമിച്ചതുമെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം എൽദോസ് കുന്നപ്പിളളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി എൽദോസിനു നിർദേശം നൽകിയിരുന്നു. എന്നാൽ പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇത് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിൽ തടസ്സമാകുന്നുവെന്നും സർക്കാർ കോടതിയിൽ വാദിച്ചു.
ഒക്ടോബർ ഇരുപതിനാണ് ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് കർശന ഉപാധികളോടെ മുൻകൂർ ജാമ്യം ലഭിച്ചത്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനാണ് പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. സോഷ്യൽമീഡിയയിലൂടെ പ്രകോപനപരമായ പോസ്റ്റുകൾ പാടില്ല, സംസ്ഥാനം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഫോണും പാസ്പോർട്ടും കോടതിയിൽ ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചത്.