കേരളത്തിൽ പ്രതിപക്ഷ നേതാക്കൾ തമ്മിൽ ഏകോപനമില്ലെന്ന് മുൻ കെപിസിസി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിൻ്റെ ദേശീയ നേതൃ നിരയിൽ നിന്ന് ഗാന്ധി കുടുംബം മാറി നിൽക്കുന്നുവെന്ന തരത്തിൽ വിലയിരുത്തൽ വരുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഖാർഗെയുടെ നേതൃത്വം കോൺഗ്രസിന് പുതിയ ചൈതന്യം കൊണ്ടുവരും. പ്രവർത്തക സമിതിയിലേക്ക് താത്കാലിക പട്ടികയാണ് പുറത്തുവന്നത്. അതിനപ്പുറത്തേക്ക് ആ പട്ടികയ്ക്ക് പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല. പുതിയ ലിസ്റ്റ് വരുമ്പോൾ കാര്യമായ പരിഗണന കേരളത്തിന് കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിൽ തർക്കം നിലനിൽക്കുകയാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ പ്രതികരണം. കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് തിരിച്ചടി നൽകി കെ എസ് യു പ്രസിഡൻ്റ് സ്ഥാനം വി ഡി സതീശൻ്റെ നോമിനി അലോഷ്യസ് സേവ്യർ കൈക്കലാക്കിയിരുന്നു. നേരത്തെ രാജ്യസഭാ സ്ഥാനാർത്ഥിയായി സുധാകരൻ നിർദ്ദേശിച്ച എം ലിജുവിനെ വെട്ടി സ്വന്തം നോമിനി ജേബി മേത്തർക്ക് സതീശൻ സീറ്റു സംഘടിപ്പിച്ചിരുന്നു. കോൺഗ്രസിൽ കെസി വേണുഗോപാൽ വിഡി സതീശൻ സഖ്യം പിടിമുറുക്കുന്നതിൻ്റെ തെളിവാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ കെ സുധാകരൻ പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വരുമെന്നും വാർത്തയുണ്ട്.
സുധാകരൻ്റെ നോമിനിയെ വെട്ടി; കെ എസ് യു പ്രസിഡൻ്റ് സ്ഥാനം സതീശൻ ഗ്രൂപ്പിന്