കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് തിരിച്ചടി നൽകി കെഎസ് യു പ്രസിഡൻ്റ് സ്ഥാനം വി ഡി സതീശൻ്റെ നോമിനി അലോഷ്യസ് സേവ്യർ കൈക്കലാക്കി. ഇത് രണ്ടാം തവണയാണ് സുധാകരന് തിരിച്ചടി ലഭിക്കുന്നത്. നേരത്തെ രാജ്യസഭാ സ്ഥാനാർത്ഥിയായി സുധാകരൻ നിർദ്ദേശിച്ച എം ലിജുവിനെ വെട്ടി സ്വന്തം നോമിനി ജേബി മേത്തർക്ക് സതീശൻ സീറ്റു സംഘടിപ്പിച്ചിരുന്നു. കോൺഗ്രസിൽ കെസി വേണുഗോപാൽ വിഡി സതീശൻ സഖ്യം പിടിമുറുക്കുന്നതിൻ്റെ തെളിവാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കണ്ണൂരുകാരനായ മുഹമ്മദ് ഷമ്മാസിനെ കെഎസ് യു പ്രസിഡൻ്റ് ആക്കാനായിരുന്നു സുധാകരന് താൽപര്യം. എന്നാൽ പ്രായപരിധി കഴിഞ്ഞിട്ടും അലോഷ്യസ് സേവ്യറിനെ നിയമിച്ചുകൊണ്ട് വി ഡി സതീശൻ ശക്തി തെളിയിച്ചു. 27 വയസാണ് കെഎസ് യു പ്രസിഡൻ്റിൻ്റെ പ്രായപരിധി. അലോഷ്യസ് സേവ്യറിന് 29 വയസുണ്ടെന്ന് എതിരാളികൾ വാദിക്കുന്നു.
പ്രായപരിധിയുടെ നിബന്ധന മറികടന്നാണ് അലോഷ്യസ് സേവ്യറിനു വേണ്ടിയുള്ള സതീശൻ്റെ കരുനീക്കം വിജയിച്ചത്. ഹൈക്കമാൻഡിൽ കെ സുധാകരന് യാതൊരു സ്വാധീനവും ഇല്ലെന്ന് സ്ഥാപിക്കാൻ ഇതുവഴി സതീശന് കഴിഞ്ഞു. പ്രായവും ആരോഗ്യപ്രശ്നങ്ങളും അലട്ടുന്ന കെ സുധാകരൻ്റെ പിൻഗാമിയെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് കൊണ്ടുവരാനുള്ള പദ്ധതിയും കെസി വിഡി ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം.
അടൂർ പ്രകാശിനെപ്പോലുള്ളവരാണ് ഈ സ്ഥാനത്ത് എത്തേണ്ടത് എന്ന വികാരം പൊതുവിൽ അവർ ഗ്രൂപ്പ് അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. ഒരു ടേമിനപ്പുറം സുധാകരന് കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് അവസരമില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
സ്ഥാനമൊഴിയുന്ന കെഎസ് യു പ്രസിഡൻ്റ് കെ എം അഭിജിത്തിനെ എൻഎസ് യു ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. ആൻ സെബാസ്റ്റ്യൻ ആണ് ഉപാധ്യക്ഷ.