മാലമോഷണ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. യൂത്ത് കോൺഗ്രസ് വർക്കല നടയറ ടൗൺ മുൻ പ്രസിഡന്റ് അക്ബർ ഷായാണ് അറസ്റ്റിലായത്. വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ അക്ബറിനെ എറണാംകുളം നോർത്ത് പൊലീസാണ് പിടികൂടിയത്. ഞായർ രാത്രി 7.30 ന് കലൂർ പള്ളിക്ക് എതിർവശം ബാങ്ക് റോഡിൽ ഭർത്താവിനോപ്പം നടന്നുപോയ എഴുപതുകാരിയുടെ മാലയാണ് അക്ബർ മോഷ്ടിച്ചത്. ഇയാൾ തിരുവനന്തപുരം ചെമ്മരുതി സ്വദേശിയാണ്.
രണ്ട് പവൻ്റെ മാലയാണ് ഇയാൾ മോഷ്ടിച്ചത്. ഇയാൾ എസ്എംആർഎം റോഡിൽ വാടകയ്ക്ക് താമസിച്ച മുറിയിൽ നിന്ന് മാല കണ്ടെടുത്തു. സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ നോർത്ത് ഇൻസ്പെക്ടർ കെ ബ്രിജുകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്ബറിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊച്ചി സെൻട്രൽ എസിപി സി ജയകുമാറിൻ്റെ മേൽനോട്ടത്തിൽ പ്രത്യേക സ്ക്വാഡ് അംഗങ്ങ ളായ വിനീത് പവിത്രൻ, എ അജി ലേഷ്, ദിലീപ്, അനീഷ്, ഉണ്ണി കൃഷ്ണൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.