പാവപ്പെട്ടവർക്ക് ഗുണമേന്മയോടെ ജീവിക്കാനാകുന്നതാണ് കേരള മോഡലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുന്നപ്ര വയലാർ രക്തസാക്ഷി ദിനാചരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മോഡൽ വെറുതെയുണ്ടായതല്ല. പുന്നപ്ര–വയലാർ രക്തസാക്ഷികൾ അടക്കം നൂറുകണക്കിനുപേരുടെ അധ്വാനംകൊണ്ട് സൃഷ്ടിച്ചതാണ്. ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ പുന്നപ്ര–വയലാർ സമരം സമാനതകളില്ലാത്ത പങ്കുവഹിച്ചു.
2024 പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിരോധിക്കാനായില്ലെങ്കിൽ രാജ്യത്തെ മതേതരത്വവും ജനാധിപത്യവും ഗുരുതര വെല്ലുവിളി നേരിടും. മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഹിന്ദുരാഷ്ട്രം എന്ന മുദ്രാവാക്യം നടപ്പാക്കുന്നതിലേക്കാണ് പോകുക. ജനാധിപത്യത്തെ ബിജെപി കോർപറേറ്റ് പണംകൊണ്ട് അട്ടിമറിച്ചു. ഗോവയിൽ കാലുമാറിയ എട്ട് എംഎൽഎമാർക്കും 40 കോടി രൂപയാണ് നൽകിയത്.
ഇന്ത്യൻ സമൂഹത്തിൽ കേരളം തന്നെയാണ് ബദൽ ഉയർത്തുന്നത്. അത് അട്ടിമറിക്കാനാണ് ആർഎസ്എസ് ശ്രമം. ഏക സിവിൽകോഡായിരിക്കും അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തുറുപ്പുചീട്ട്. വർഗീയശക്തികൾക്കെതിരെ ജാഗ്രതയോടെ പ്രവർത്തിക്കണം. ഫാസിസത്തിൻ്റെ വക്കിലാണ് നമ്മൾ ഇപ്പോൾ നിൽക്കുന്നത്. ഗവർണറുടെ ജനവിരുദ്ധ നിലപാടിനെതിരെ നാട് ഒറ്റക്കെട്ടായി അണിനിരക്കുന്ന കാഴ്ച ജനങ്ങൾ കാണും. ആർഎസ്എസിൻ്റെ ചട്ടുകമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെപ്പോലെ പാഠ്യപദ്ധതി അട്ടിമറിച്ച് കേരളത്തെ ഛിന്നഭിന്നമാക്കാൻ ശ്രമിച്ചാൽ അതിന് നിന്നുകൊടുക്കാനാകില്ലെന്ന് ജനങ്ങൾ പറയുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.