സംസ്ഥാന സര്‍ക്കാരിൻ്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി 200 ദിവസത്തിനുള്ളില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തത് 75000 സംരംഭങ്ങള്‍. ഈ സംരംഭങ്ങളുടെ ഭാഗമായി 4694 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 165301 തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടു.
പുതിയ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ മുന്നില്‍ നില്‍ക്കുന്നത് മലപ്പുറം, എറണാകുളം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളാണ്. ഈ ജില്ലകളില്‍ ഓരോന്നിലും ഏഴായിരത്തിലധികം സംരംഭങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ അയ്യായിരത്തിലധികം സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, തൃശ്ശൂര്‍, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെല്ലാം തന്നെ പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സംരംഭക വര്‍ഷം പദ്ധതിയിലൂടെ സാധിച്ചു. വ്യാവസായികമായി പിന്നാക്കം നില്ക്കുന്ന വയനാട്, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളിലായി പതിമൂന്നായിരത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനായിരുന്നു സര്‍ക്കാരിൻ്റെ ലക്ഷ്യമെങ്കിലും അതിവേഗത്തില്‍ ഈ ലക്ഷ്യം മറികടക്കാന്‍ സാധിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിക്ഷേപസൗഹൃദ നടപടികള്‍ സംരംഭകത്വത്തിലേക്ക് കാലെടുത്തു വെക്കുന്നതിന് ശങ്കിച്ചുനിന്നവരെയും പദ്ധതിയുടെ ഭാഗമാക്കാന്‍ സഹായിച്ചുവെന്നും ഇത്രയും സംരഭങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചത് കേരളത്തിൻ്റെ വ്യാവസായിക ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടമാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.