രാജ്യത്തെ കറൻസി നോട്ടുകളിൽ ഗണേശ ഭഗവാൻ്റെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ പ്രസ്താവനയെ പരിഹസിച്ച് മുതിർന്ന മാധ്യമപ്രവർത്തകനും മുൻ ആം ആദ്മി നേതാവുമായ അശുതോഷ്. ബ്രിട്ടൻ്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താൻ പുതിയ പ്രധാനമന്ത്രി ഋഷി സുനകിന് ഇതൊരു മഹത്തായ ഉപദേശമാണിതെന്നും അശുതോഷ് പറഞ്ഞു.
‘എന്തൊരു മഹത്തായ സാമ്പത്തിക മന്ത്രമാണ് അരവിന്ദ് കെജ്രിവാൾ നൽകിയിരിക്കുന്നത്. ബ്രിട്ടൻ്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താൻ ഋഷി സുനകിനുള്ള മഹത്തായ ഉപദേശം. പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ പെട്ടെന്ന് തന്നെ എല്ലാ സാമ്പത്തിക ഉപദേശകരെയും പിരിച്ചു വിടണം. കെജ്രിവാളിൻ്റെ ഉപദേശം പിന്തുടരണം. രാജ്യം അഭിവൃദ്ധിപ്പെട്ടോളും’, എന്നാണ് അശുതോഷിൻ്റെ പരിഹാസം.
ബുധനാഴ്ചയാണ് രാജ്യത്തെ കറൻസി നോട്ടിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞത്. ഗാന്ധിജിയെക്കൂടാതെ ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ കറൻസി നോട്ടിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാണ് കെജ്രിവാളിൻ്റെ ആവശ്യം.
ഗണപതിയുടേയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ കറൻസി നോട്ടിൽ ഉൾപ്പെടുത്തിയാൽ രാജ്യം അഭിവൃദ്ധിപ്പെടും. 85 ശതമാനം മുസ്ലീങ്ങൾ ഉള്ള ഇന്തോനേഷ്യയുടെ കറൻസിയിൽ ഗണപതിയുടെ ചിത്രം ചേർക്കാമെങ്കിൽ ഇന്ത്യൻ കറൻസിയിലും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്താമെന്നായിരുന്നു കെജ്രിവാളിൻ്റെ പരാമർശം. ആം ആദ്മി പാർട്ടി അവരുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ട് വഴി കെജ്രിവാളിൻ്റെ പ്രതികരണം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
കറന്‍സി നോട്ടില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിക്കണമെന്ന് കേജരിവാള്‍