ഇന്ത്യയുടെ പുരുഷ, വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഇനി മുതൽ തുല്യമായ മാച്ച് ഫീ ലഭിക്കും. ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചത്. പുരുഷ, വനിതാ താരങ്ങൾക്ക് തുല്യവേതനം നൽകുന്നതിലേക്കുള്ള ആദ്യ പടിയായാണ് ഈ ചരിത്ര പ്രഖ്യാപനം കണക്കാക്കപ്പെടുന്നത്. ഇന്ത്യയുടെ മുൻ താരം മിതാലി രാജ് ബിസിസിഐ തീരുമാനത്തെ പിന്തുണച്ചു. താരം ബിസിസിഐയ്ക്കും ജയ് ഷായ്ക്കും നന്ദി അറിയിച്ചു.
‘ലിംഗ വിവേചനത്തെ ഇല്ലാതാക്കാനുള്ള ബിസിസിഐയുടെ ആദ്യ ചുവടുവെയ്പ് പ്രഖ്യാപിക്കുന്നതില്‍ സന്തുഷ്ടനാണ് ഞാന്‍. ബിസിസിഐയുമായി കരാറുള്ള വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് തുല്യമായ വേതനം നടപ്പാക്കുന്നു. പുരുഷന്മാരുടേയും വനിതകളുടേയും മാച്ച് ഫീ ഇനി മുതല്‍ തുല്യമായിരിക്കും. ഇന്ത്യന്‍ ക്രിക്കറ്റില്‍ ലിംഗ സമത്വത്തിൻ്റെ പുതുയുഗത്തിലേക്ക് നമ്മള് പ്രവേശിക്കുകയാണ്,’ ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു.
പുരുഷ താരങ്ങൾക്ക് നിലവിൽ ലഭിക്കുന്നതിനു തുല്യമായ മാച്ച് ഫീയാണ് ഇനിമുതൽ വനിതാ താരങ്ങൾക്കും ലഭിക്കുക. ടെസ്റ്റ് (15 ലക്ഷം രൂപ), ഏകദിനം (ആറു ലക്ഷം രൂപ), ട്വന്റി20 (മൂന്നു ലക്ഷം രൂപ) എന്നിങ്ങനെയായിരിക്കും മാച്ച് ഫീ. നമ്മുടെ വനിതാ താരങ്ങൾക്ക് ഞാൻ നൽകിയ ഉറപ്പായിരുന്നു തുല്യ പ്രതിഫലം. ഈ തീരുമാനം നടപ്പാക്കുന്നതിൽ ഉറച്ച പിന്തുണ നൽകിയ അപെക്സ് കൗൺസിലിനു നന്ദി. ജയ് ഹിന്ദ്’’ – ജയ് ഷാ കുറിച്ചു.