പ്രമുഖ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു. 11:30 ഓടെയായിരുന്നു മരണം. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന്, വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഒക്ടോബർ 19ന് രാത്രി പതിനൊന്നു മണിയോടെയാണ് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് ഗവ. മെഡികൽ കോളജിൽ നിന്നും വിരമിച്ച വിദഗ്ധ ഡോക്ടർമാരുടെതടക്കമുള്ള നിർദേശ പ്രകാരം ചികിത്സ തുടരുകയായിരുന്നു.
പാച്ചേനി സർക്കാർ എൽപി സ്കൂളിൽ പ്രാഥമിക പഠനത്തിനു ശേഷം ഇരിങ്ങൽ യുപി സ്കൂൾ, പരിയാരം സർക്കാർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കണ്ണൂർ എസ്എൻ കോളജിൽ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂർ കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും നേടി. കണ്ണൂർ സർക്കാർ പോളിടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ നേടി.
പരിയാരം ഹൈസ്കൂൾ പഠിക്കുമ്പോൾ ആദ്യമായി രൂപീകരിക്കപ്പെട്ട കെഎസ് യൂണിറ്റിൻ്റെ പ്രസിഡന്റായി. പിന്നീട് കണ്ണൂർ പോളിടെക്നിക്കിലും കെഎസ് യൂണിറ്റ് പ്രസിഡന്റായി. കെഎസ് താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കണ്ണൂരിൽ നിന്ന് കെഎസ് സംസ്ഥാന പ്രസിഡന്റായ ഒരേയൊരു നേതാവ് കൂടിയായിരുന്നു അദ്ദേഹം.
2001 മുതൽ തുടർച്ചയായ 11 വർഷം കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2016 ഡിസംബർ മുതൽ 2021 വരെ കണ്ണൂർ ഡിസിസി പ്രസിഡന്റായി. അഞ്ച് തവണ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ചു.
തളിപ്പറമ്പ് സഹകരണ അര്‍ബന്‍ ബാങ്ക് ജീവനക്കാരി റീനയാണ് ഭാര്യ. വിദ്യാര്‍ഥികളായ ജവഹര്‍, സാനിയ എന്നിവര്‍ മക്കള്‍.
സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി മുൻ അധ്യക്ഷനുമായ സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
ഊർജസ്വലനായ പൊതുപ്രവർത്തകനെയാണ് സതീശൻ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. സൗമ്യതയും സൗഹൃദവും അദ്ദേഹം തൻ്റെ ഇടപെടലുകളിലാകെ പുലർത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കോൺഗ്രസ് പാർട്ടിയെയും സതീശൻ്റെ ബന്ധുമിത്രാദികളെയും മുഖ്യമന്ത്രി അനുശോചനമറിയിച്ചു.