തെലങ്കാനയിൽ ബിജെപിക്ക് തിരിച്ചടി. ഭരണകക്ഷി എം എൽ എമാരെ പണം വാഗ്ദാനം ചെയ്ത് പാർട്ടി മാറ്റാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. ഫരീദബാദിൽ നിന്നുള്ള സന്യാസിയായ സതീഷ് വർമ എന്ന രാമ ചന്ദ്ര ഭാരതി, ഹൈദരബാദ് സ്വദേശിയായ ബിസിനസുകാരൻ നന്ദകുമാർ, തിരുപ്പതിയിൽ നിന്നുള്ള സന്യാസിയായ സിംഹയാജി എന്നിവരാണ് അറസ്റ്റിലായത്. കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡിയുമായി അടുത്ത ബന്ധമുള്ളയാളാണ് നന്ദകുമാർ. നന്ദകുമാറാണ് തെലങ്കാനയിൽ ഓപ്പറേഷൻ താമരക്കുള്ള പ്രധാന ചരടുവലികൾ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
തന്തൂർ എം എൽ എ രോഹിത് റെഡ്ഡിയുടെ അസീസ് നഗറിലുള്ള ഫാം ഹൗസിൽ വെച്ച് ഡീൽ നടത്താനായിരുന്നു ശ്രമം. രോഹിത് റെഡ്ഡിയെ കൂടാതെ അച്ചംപേട്ട് എം എൽ എ ഗുവ്വാല ബലരാജ്, കൊല്ലപ്പൂർ എം എൽ എ ഹർഷവർധൻ റെഡ്ഡി, പിനാപക എം എൽ എ റെഗ്ഗ കാന്ത റാവോ എന്നിവർക്കാണ് പാർട്ടി മാറാൻ പണം വാഗ്ദാനം ചെയ്തത്. എം എൽ എമാർ തന്നെ പോലീസിന് വിവരം കൈമാറിയതോടെയാണ് മൂന്നംഗ സംഘം പിടിയിലായത്. കൈക്കൂലിയും മറ്റും നൽകി തങ്ങളെ വശത്താക്കി പാർട്ടി മാറ്റുന്നതിനായിരുന്നു അറസ്റ്റിലായവരുടെ ശ്രമമെന്നാണ് എം എൽ എമാർ പോലീസിന് മൊഴി നൽകി.
തെലങ്കാന രാഷ്ട്ര സമിതിയുടെ നാല് എംഎല്‍എമാരെയാണ് ഇവര്‍ ലക്ഷ്യം വെച്ചതെന്ന് സൈബരാബാദ് പോലീസ് കമ്മീഷണര്‍ സ്റ്റീഫന്‍ രവീന്ദ്ര പറഞ്ഞു. ‘ബി ജെ പിയിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടാണ് ഇപ്പോൾ അറസ്റ്റിലായവർ തങ്ങളെ പരിചയപ്പെട്ടതെന്നാണ് എം എൽ എമാർ അറിയിച്ചിരിക്കുന്നത്. ടി ആർ എസിൽ നിന്നും രാജിവെച്ച് ബി ജെ പിയിൽ ചേരണമെന്നായിരുന്നു ഇവർ മുന്നോട്ടുവെച്ച് ആവശ്യം. ഇതിന് വേണ്ടി പണവും കരാറുകളും വൻ സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ഇതേ കുറിച്ച് എം എൽ എമാർ തന്നെ ഞങ്ങൾക്ക് വിവരം നൽകുകയായിരുന്നു. എം എൽ എമാർക്ക് പ്രതികൾ 100 കൂടി രൂപയാണ് വാഗ്ദാനം ചെയ്തതെന്നും സ്റ്റീഫൻ രവീന്ദ്ര കൂട്ടിച്ചേർത്തു.