സിഡ്നി: ടി-20 ലോകകപ്പിൽ ഇന്ത്യ ഇന്ന് നെതർലൻഡ്സിനെ നേരിടും. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം. പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ വിജയിച്ച ആവേശത്തിലാണ് ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനുമുമ്പ് മുൻനിര ബാറ്റർമാർക്ക് ഫോമിലേക്കുയരാനുള്ള അവസരമായിട്ടാണ് മത്സരത്തെ പരിശീലകൻ രാഹുൽ ദ്രാവിഡും കാണുന്നത്. ഇന്ന് വിജയിക്കാനായാൽ ഏറെക്കുറെ സെമി ഉറപ്പിക്കാം.
കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിനെ നിലനിർത്തുമെന്ന സൂചനയാണ് ബൗളിങ് പരിശീലകൻ പരസ് മാംബ്രെ നൽകുന്നത്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് വിശ്രമം നൽകി ദീപക് ഹുഡയെ ഇറക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. പാണ്ഡ്യക്ക് പരിക്കേറ്റതും ഇതിന് ആക്കംകൂട്ടി. എന്നാൽ, പാണ്ഡ്യ മത്സരത്തിന് സജ്ജനാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
ആദ്യകളിയിൽ ബംഗ്ലാദേശിനോട് ഒമ്പത് റൺസിൻ്റെ തോൽവി വഴങ്ങിയാണ് നെതർലൻഡ്സിൻ്റെ വരവ്. മത്സരത്തിന് മഴ ഭീഷണിയുണ്ട്.