വി ഡി സതീശൻ്റെ ഉളുപ്പില്ലായ്മ പുറം ലോകമറിയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. വലിയ നിയമവിദഗ്ധനെന്നും പഠിച്ചു മാത്രം അഭിപ്രായം പറയുന്ന നേതാവെന്നുമൊക്കെയാണ് അദ്ദേഹം അഭിനയിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഗവര്‍ണറുടെ നടപടിയെക്കുറിച്ചും അദ്ദേഹം നന്നായി പഠിച്ച് അഭിപ്രായം പറയുന്നു. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി സ്വാഗതം ചെയ്യുന്നു. ഗവര്‍ണറെ തള്ളിപ്പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം പ്രസ്താവനയിറക്കിയപ്പോഴും വി ഡി സതീശൻ്റെ വഞ്ചി പറവൂര്‍ കായലില്‍ തന്നെയായിരുന്നു. അദ്ദേഹം ഗവര്‍ണര്‍ക്ക് പൊരിഞ്ഞ പിന്തുണ കൊടുത്തു. മുസ്ലിംലീഗ് അന്നു തന്നെ സതീശൻ്റെ വാദം തള്ളിക്കളഞ്ഞു.
മുസ്ലിംലീഗിനും തൻ്റെ അഭിപ്രായം തന്നെയാണ് എന്നു വ്യാഖ്യാനിച്ച് അദ്ദേഹം വീണ്ടും അവതരിച്ചു. കോണ്‍ഗ്രസിലും യുഡിഎഫിലും അഭിപ്രായവ്യത്യാസമില്ലെന്നായി അടുത്ത ന്യായം. ഹൈക്കമാന്റിൻ്റെ ഉള്ളിലിരിപ്പ് ഗവര്‍ണര്‍ക്കെതിരാണ് എന്നറിഞ്ഞപ്പോള്‍ കെ മുരളീധരനും കൂട്ടരും പുറത്തു ചാടി. ഗവര്‍ണര്‍ രാജാവാണോ എന്ന് മുരളീധരന് വെടിപൊട്ടിച്ചു. പിന്നാലെ ഷാഫി പറമ്പില്‍. വീണ്ടും കുഞ്ഞാലിക്കുട്ടി.
എല്ലാവരും ഗവര്‍ണറെ തള്ളിപ്പറഞ്ഞു. അപ്പൊഴതാ വീണ്ടും വരുന്നു സാക്ഷാല്‍ സതീശന്. വിഷയാധിഷ്ഠിതമാണത്രേ നിലപാട്. വിസിമാര്‍ മാറി നില്‍ക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിക്കുന്നു. ഗവര്‍ണര്‍ അങ്ങനെ പറഞ്ഞതിനെയാണല്ലോ കെ സി വേണുഗോപാലും മുരളീധരനും ഷാഫി പറമ്പിലും കുഞ്ഞാലിക്കുട്ടിയുമൊക്കെ തള്ളിക്കളഞ്ഞത്. അതിനര്‍ത്ഥം യുഡിഎഫില്‍ ഇക്കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടെന്നല്ലേ. ആര്‍എസ്എസ് അജണ്ടയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായി യുഡിഎഫ് ചേരിതിരിഞ്ഞു നില്‍ക്കുകയാണ്.
ഇനി, വലിയ നിയമവിദഗ്ധനാണ് വിഡി സതീശന് എന്നാണല്ലോ വെപ്പ്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള കേസില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധി എങ്ങനെയാണ് എല്ലാവര്ക്കും ബാധകമാവുക. കെടിയു വൈസ് ചാന്‍സലറുടെ നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധി മറ്റെല്ലാ നിയമനത്തിനും ബാധകമാണ് എന്നാണല്ലോ ഇവരുടെ വാദം.
ആ വാദത്തിന് മുന്കാലപ്രാബല്യമുണ്ടോ? വിസി നിയമനം സംബന്ധിച്ച യുജിസി ചട്ടങ്ങള്‍ നിലവില്‍ വരുന്നത് 2010ലാണ്. പാനലില്‍ മൂന്നു മുതല്‍ അഞ്ചുവരെ പേരുണ്ടാകണമെന്നും സെര്‍ച്ച് കമ്മിറ്റിയില്‍ അക്കാദമിക് വിദഗ്ധര്‍ മാത്രമേ പാടുള്ളൂ എന്നുമുള്ള നിബന്ധന അന്നുമുണ്ട്.
യുഡിഎഫ് കാലത്ത് ഈ നിബന്ധന ലംഘിച്ച് നിയമിച്ച വിസിമാര്‍ക്ക് ഇപ്പോഴത്തെ സുപ്രിംകോടതി വിധി ബാധകമാകുമോ?വിസിയെന്ന നിലയില്‍ അവര്‍ കൈപ്പറ്റിയ ആനുകൂല്യങ്ങളെല്ലാം മടക്കിക്കൊടുക്കേണ്ടി വരില്ലേ.
യുഡിഎഫിൻ്റെ ഭരണകാലത്ത് നടന്ന മുഴുവന്‍ വിസി നിയമനങ്ങളിലും സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയോ ഗവ. സെക്രട്ടറിമാരോ അംഗങ്ങളായിരുന്നു. ബാബു സെബാസ്റ്റ്യനെ എംജി സര്‍വകലാശാലാ വിസിയായി നിയമിച്ച കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയായിരുന്ന ഇ കെ ഭരത് ഭൂഷന് അംഗമായിരുന്നു. കുസാറ്റ് വിസിയായി ഡോ. ജെ ലതയെ നിയമിച്ച കമ്മിറ്റിയില്‍ അന്നത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായ ഡോ. കെ. എം. എബ്രഹാം അംഗമായിരുന്നു. കോഴിക്കോട് സര്‍വകലാശാലാ വിസിയായി ഡോ. കെ. മുഹമ്മദ് ബഷീറിനെ നിയമിച്ച കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍ അംഗമായിരുന്നു.
സുപ്രീംകോടതി വിധി സമാനമായ എല്ലാ കേസുകളിലും ബാധകമാക്കണമെങ്കില്‍ ഇവരുടെയെല്ലാം നിയമനങ്ങള്‍ വോയ്ഡ് അബ് ഇനിഷ്യോ ആണ്. നിയമിച്ചതായി കണക്കാക്കാനേ പാടില്ല. നിയമനത്തീയതി മുതല്‍ കൈപ്പറ്റിയ എല്ലാ ആനുകൂല്യങ്ങളും തിരിച്ചു പിടിക്കണം. അത്തരമൊരു നടപടിയെ വിഡി സതീശന് എന്ന പുകഴ്പെറ്റ നിയമപണ്ഡിതന് അംഗീകരിക്കുമോ?
എങ്കില്‍ കേരളത്തില്‍ മാത്രമല്ലല്ലോ. ഇപ്പറയുന്ന യുജിസി ചട്ടം പാലിക്കാതെ രാജ്യത്തെ മറ്റെത്രയോ സര്‍വകലാശാലകളിലും വിസി നിയമനം നടന്നിട്ടുണ്ട്. അവിടെയൊക്കെ ഈ ഉത്തരവ് ബാധകമാകുമോ?
തീര്‍ന്നില്ല. സുപ്രിംകോടതി വിധിയെ കണ്ണുമടച്ച് പിന്താങ്ങുന്ന മഹാനിയമപണ്ഡിതനായ സതീശന് അഭിപ്രായം പറയേണ്ട വേറൊരു പ്രശ്നവുമുണ്ട്. കേന്ദ്ര സംസ്ഥാന നിയമങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ കേന്ദ്ര നിയമം നിലനില്ക്കുമെന്നാണല്ലോ സുപ്രിംകോടതി പറയുന്നത്. അതുകൊണ്ട് യൂണിവേഴ്സിറ്റി നിയമത്തില്‍ എന്തു പറഞ്ഞാലും യുജിസി മാനദണ്ഡപ്രകാരമേ നിയമനം നല്‍കാവൂ.
പക്ഷേ, 1956ലെ യുജിസി നിയമത്തില്‍ വിസി നിയമനത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. 2010ലും 2013ലും 2018ലും പുറത്തിറക്കിയത് ചട്ടങ്ങള്‍ മാത്രമാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്, നിയമസഭ പാസാക്കിയ നിയമത്തിന് മുകളില്‍ നില്ക്കുക. അതത് കാലത്ത് ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങുന്ന ഭരണപരമായ നിര്‍ദ്ദേശങ്ങള്‍ എങ്ങനെയാണ് നിയമസഭ പാസാക്കിയ നിയമത്തിന് മുകളില്‍ വരിക?
പാര്‍ലമെന്റ് പാസാക്കിയ നിയമം സംസ്ഥാന നിയമത്തിന് മുകളിലാണ്. ശരി. പക്ഷേ, യുജിസി ഓഫീസിലെ ഉദ്യോഗസ്ഥര്‍ കാലാകാലങ്ങളില്‍ പുറത്തിറക്കുന്ന ചട്ടങ്ങള്‍ സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിനു മുകളില്‍ എങ്ങനെ വരും. പ്രഗത്ഭനായ സാമാജികനും ശ്രേഷ്ഠനായ നിയമപണ്ഡിതനുമാണല്ലോ വി ഡി സതീശന്.
സുപ്രിംകോടതിയുടെ ഈ നിരീക്ഷണം നിയമപരമായി ശരിയാണോ എന്ന കാര്യത്തില്‍ വര്‍ഷങ്ങളുടെ നിയമസഭാ പാരമ്പര്യമുള്ള പ്രതിപക്ഷ നേതാവ് പണ്ഡിതോചിതമായി അഭിപ്രായം പറയേണ്ടതല്ലേ.
അദ്ദേഹം അഭിനയിക്കുന്ന പാണ്ഡിത്യവും യാഥാര്‍ത്ഥ്യവും തമ്മില്‍ എന്തു ബന്ധമെന്നൊക്കെ നാട്ടുകാര്‍ക്കറിയാം. കോടതിയുടെ വരാന്തയില്‍പ്പോലും നില്‍ക്കാത്ത കേസ് എന്ന് ഒരു കേസിനെ അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ട്. വാരാന്തയും കടന്ന് ജഡ്ജിയുടെ മുന്നില്‍ കേസെടുത്തുകയും കേസെടുക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തപ്പോള്‍ത്തന്നെ ഈ മഹാനുഭാവൻ്റെ പാണ്ഡിത്യം കേരള ജനത മനസിലാക്കിയത്…
തള്ളുമ്പോഴും ഉരുളുമ്പോഴും ഇതൊക്കെ മറ്റുള്ളവര്‍ കാണുന്നുണ്ട് എന്ന വിചാരം കൂടി വി ഡി സതീശന് ഉണ്ടായാല്‍ നന്ന്. കോണ്‍ഗ്രസല്ലേ, ഇങ്ങനെയൊക്കെയാകാം എന്ന് വിചാരമെങ്കില്, നോ കമന്റ്സ്…