കെ എസ് യു സംസ്ഥാന അധ്യക്ഷനായി സ്വന്തം നോമിനിയെ അവരോധിക്കാൻ മതം പറഞ്ഞും മാനദണ്ഡം ലംഘിച്ചും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അധ്യക്ഷനായിരുന്ന കെ എം അഭിജിത്ത് രാജിവച്ചതിനെ തുടർന്നുള്ള ഒഴിവിലേക്ക് കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നിവരെയാണ് ദേശീയ നേതൃത്വം സംസ്ഥാന അധ്യക്ഷന്മാരായി പരിഗണിക്കുന്നത്. ഇവരിൽ സ്വന്തം ജില്ലക്കാരനായ അലോഷ്യസ് സേവ്യറിന് വേണ്ടിയാണ് വി ഡി സതീശൻ്റെ കരുനീക്കം.
യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽ മുസ്ളീം വിഭാഗത്തിൽ നിന്നുള്ളവർ ആയതിനാൽ കെ എസ് യു ഭാരവാഹിയും മുസ്ളീം വിഭാഗത്തിൽ നിന്ന് വേണ്ടെന്നാണ് വി ഡി സതീശൻ്റെ നിലപാട്. രാജ്യസഭാ അംഗം കൂടിയായ ജെബി മേത്തറിനെ ഇരട്ട പദവി വഹിക്കുന്നതിനാൽ മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം പാർട്ടിയിലും മഹിളാ കോൺഗ്രസിലും ശക്തമാണ്. വരും മാസങ്ങളിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് പുനസംഘടനയിൽ ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുകയും ചെയ്യും.
ചുരുക്കത്തിൽ സതീശൻ ചൂണ്ടിക്കാട്ടുന്ന ഈ സമവാക്യങ്ങൾ വൈകാതെ മാറുന്നിരിക്കെ സ്വന്തം നോമിനിയെ സ്ഥാനത്ത് ഉറപ്പിക്കാൻ മാത്രം ലക്ഷ്യമാക്കിയാണ് മതം പറഞ്ഞുള്ള വി ഡി സതീശൻ്റെ നീക്കമെന്ന് ഷമ്മാസിനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നു.
ഇത് കൂടാതെ അലോഷ്യസ് സേവ്യറിനെ അധ്യക്ഷനാക്കാൻ കെ എസ് യുവിലെ പ്രായ പരിധി മാനദണ്ഡങ്ങളും വി ഡി സതീശൻ്റെ ഇടപെടലിൽ അട്ടിമറിക്കപ്പെടുകയാണെന്നും സംഘടനയ്ക്കുള്ളിൽ വിമർശനം ഉയർന്നിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് 27 വയസാണ് പ്രായ പരിധി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ അധ്യക്ഷ സ്ഥാനത്തേക്ക് സതീശൻ ഉയർത്തിക്കാട്ടുന്ന അലോഷ്യസ് സേവ്യറിന് 29 വയസ് കഴിഞ്ഞു.
നിലവിൽ എ ഗ്രൂപ്പിനാണ് കെ എസ് യു അധ്യക്ഷ സ്ഥാനം. ഇത് വി ഡി സതീശൻ കൈപ്പിടിയിലാക്കുന്നതിൽ ഒരു വിഭാഗം എ ഗ്രൂപ്പുകാർക്ക് ശക്തമായ വിയോജിപ്പുണ്ട്. എ ഗ്രൂപ്പ് കാരൻ തന്നെയായ വയനാട് ജില്ലാ പ്രസിഡന്റ് അമൽ ജോയിയെ പരിഗണിക്കണം എന്നാണ് ഇവരുടെ ആവശ്യം. എന്നാൽ എ ഗ്രൂപ്പിൻ്റെ അവസാന വാക്കായ ഉമ്മൻ ചാണ്ടി ഇക്കാര്യത്തിൽ വലിയ താൽപര്യമെടുക്കുന്നില്ല. മകൻ ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ ഭാവിയെ കരുതി സതീശനുമായി ഏറ്റുമുട്ടൽ ഒഴിവാക്കുകയാണ് ഉമ്മൻചാണ്ടി.
അതേസമയം വി ഡി സതീശൻ്റെ നിലപാടിനെതിരാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. സംസ്ഥാന അധ്യക്ഷനായി മുഹമ്മദ് ഷമ്മാസ് വരണമെന്ന നിലപാടിലാണ് സുധാകരൻ.
നേരത്തെ രാജ്യസഭ സീറ്റിൻ്റെ കാര്യത്തിലും കെ.സുധാകരൻ്റെ നോമിനിയായ എം.ലിജുവിനെ വെട്ടി ജെബി മേത്തറിന് നൽകിയതിന് പിന്നിലും വി ഡി സതീശൻ്റെ ഇടപെടൽ ആയിരുന്നു. ഇതിന് പിന്നാലെയാണ് കെ എസ് യു അധ്യക്ഷ സ്ഥാനവും സ്വന്തം നോമിനിക്ക് ഉറപ്പിക്കാൻ സതീശൻ നീക്കം ഊർജിതമാക്കിയത്.
തർക്ക പരിഹാരമുണ്ടാക്കി കെ എസ് യു അധ്യക്ഷനെ വൈകാതെ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.