മെൽബൺ: ടി20 ലോകകപ്പിൽ സൂപ്പർ 12വിലെ ആദ്യ വമ്പൻ അട്ടിമറിയിൽ അയർലൻഡ് ഇംഗ്ലണ്ടിനെ അഞ്ച് റൺസിന് തോൽപ്പിച്ചു. മഴ നിയമത്തിൻ്റെ പിൻബലത്തിലാണ് അയർലൻഡിൻറെ വിജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡ് 19.2 ഓവറിൽ 157 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 14.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെന്ന നിലയിൽ നിൽക്കെയാണ് മഴയെത്തിത്. പിന്നീട് മത്സരം തുടരാനാവാതെ വന്നതോടെ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം അയർലൻഡ് അഞ്ച് റൺസിന് ജയിച്ചു. മഴ മൂലം കളി നിർത്തുമ്പോൾ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ട് നേടേണ്ട സ്കോറിന് അഞ്ച് രൺസിന് പിന്നിലായിരുന്നു. സ്കോർ അയർലൻഡ് 19.2 ഓവറിൽ 157ന് ഓൾ ഔട്ട്. ഇംഗ്ലണ്ട് 14.3 ഓവറിൽ 105-5.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ അയർലൻഡിന് ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ആൻഡ്രൂ ബാൽബിർണിയുടെ അർധസെഞ്ചറിയാണ് മികച്ച സ്കോർ സമ്മാനിച്ചത്. 47 പന്തുകൾ നേരിട്ട ആൻഡ്രൂ, അഞ്ച് ഫോറും രണ്ടു സിക്സും സഹിതം നേടിയത് 62 റൺസ്. സ്റ്റെർലിഗ് (8 പന്തിൽ 14) പുറത്തായശേഷം ക്രീസിലെത്തിയ ലോർകാൻ ടക്കർ ബാൽബിറിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. പത്തോവർ പിന്നിടുമ്പോൾ ഒരു വിക്കറ്റിന് 92 റൺസെന്ന ശക്തമായ നിലയിലായിരുന്നു അയർലൻഡ്. ഒരു ഘട്ടത്തിൽ 11.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 103 റൺസെന്ന നിലയിലായിരുന്ന അയർലൻഡ് കൂറ്റൻ സ്കോർ കുറിക്കുമെന്ന് തോന്നിച്ചെങ്കിലും, അവസാന ഓവറുകളിൽ മികച്ച ബോളിങ്ങിലൂടെ ഇംഗ്ലിഷ് ബോളർമാർ ഐറിഷ് പടയെ 157 റൺസിൽ ഒതുക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ലിയാം ലിവിങ്സ്റ്റൺ മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങിയും മാർക്ക് വുഡ് നാല് ഓവറിൽ 34 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. സാം കറൻ മൂന്ന് ഓവറിൽ 31 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി.
അയർലൻഡിൻ്റെ 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് ആദ്യ ഓവറിലെ അടിതെറ്റി. ജോഷ്വാ ലിറ്റിലിൻ്റെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ ജോസ് ബട്ലർ പൂജ്യനായി മടങ്ങി. മൂന്നാം ഓവറിൽ അലക്സ് ഹെയിൽസിനെ(7)നെയും ജോഷ്വാ ലിറ്റിൽ മടക്കിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. പവർ പ്ലേയിൽ തന്നെ ബെൻ സ്റ്റോക്സിൻ്റെ(6) കുറ്റി തെറിപ്പിച്ച് ഫിയോൻ ഹാൻഡ് ഇംഗ്ലണ്ടിന് അടുത്ത പ്രഹരമേൽപ്പിച്ചു. 29-3 എന്ന സ്കോറിൽ സമ്മർദ്ദതിതലായ ഇംഗ്ലണ്ടിനെ ഹാരി ബ്രൂക്കും(18) ഡേവിഡ് മലനും ചേർന്ന് 50 കടത്തിയെങ്കിലും ബ്രൂക്കിനെ ഡോക്റെലും മലനെ ബാരി മക്കാർത്തിയും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് തോൽവി മുന്നിൽക്കണ്ടു.
മൊയീൻ അലി(12 പന്തിൽ 24) ലിയാം ലിവിംഗ്സ്റ്റൺ(1) കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ വിജയവര കടത്തുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് വീണ്ടും മഴ എത്തിയത്. ഇതോടെ മത്സരം നിർത്തിവെച്ചു. ഈ സമയം ഇംഗ്ലണ്ട് 14.3 ഓവറിൽ 105-5 എന്ന സ്കോറിലായിരുന്നു. മഴനിയമപ്രകാരം വേണ്ട സ്കോറിനേക്കാൾ അഞ്ച് റൺസ് കുറവ്. പിന്നീട് മത്സരം പുനരാരംഭിക്കാനാവാഞ്ഞതോടെ ഐറിഷ് പട വിജയവുമായി മടങ്ങി. അയർലൻഡിനായി ജോഷ്വാ ലിറ്റിൽ മൂന്നോവറിൽ 16 റൺസിന് രണ്ട് വിക്കറ്റെടുത്തു.