മഹത്തായ ഭാരതീയ അടുക്കളയുടെ നേർചിത്രം പ്രമേയമാക്കി നിമിഷ സജയനും സുരാജ് വെഞ്ഞാടമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പടെ നിരവധി നേട്ടങ്ങൾ ചിത്രത്തെ തേടിയെത്തിയിരുന്നു. ഇപ്പോൾ ചിത്രത്തിൻ്റെ തമിഴ് റീമേക്ക് അണിയറയിൽ ഒരുങ്ങുകയാണ്.
നിമിഷ സജയൻ അവതരിപ്പിച്ച കഥാപാത്രം തമിഴിൽ ചെയ്യുന്നത് നടി ഐശ്വര്യ രാജേഷ് ആണ്. ആർ. കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയംകൊണ്ടേൻ, കണ്ടേൻ കാതലൈ, സേട്ടൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആണ് കണ്ണൻ. രാഹുൽ രവീന്ദ്രനാണ് സുരാജ് അവതരിപ്പിച്ച വേഷം കൈകാര്യം ചെയ്യുന്നത്. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന് തന്നെയാണ് തമിഴിലും ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
പി.ജി മുത്തയ്യയാണ് ഛായാഗ്രഹണം. കലാ സംവിധാനം രാജ്കുമാർ, തിരക്കഥ, സംഭാഷണം പട്ടുകോട്ടൈ പ്രഭാകർ. ജെറി സിൽവസ്റ്റർ ആണ് സംഗീതം. ലിയോ ജോൺ പോൾ എഡിറ്റിങ്. മലയാളത്തിൽ ജിയോ ബേബിയായായിരുന്നു സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഒടിടി പ്ലാറ്റ് ഫോമിലൂടെയായിരുന്നു പ്രേക്ഷകരിലേയ്ക്ക് എത്തിയത്.
ഒരു പഴയ നായർ തറവാട്ടിലെ അവസാന കണ്ണിയായ നായകൻ വിവാഹം കഴിച്ചുകൊണ്ട് വരുന്ന വിദ്യാസമ്പന്നയായ പെൺകുട്ടിയെയാണ്. വീട്ടുജോലി ചെയ്ത് ചെയ്ത്, തറവാട്ടിലെ പഴകിയ അടുക്കള ശീലങ്ങളോട് ഒത്തുപോകാൻ സാധിക്കാതെ വരുന്നതും, അതെ തുടർന്നുണ്ടാകുന്ന രസകരവും, ചിന്തിപ്പിക്കുന്നതുമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയമായത്.