കെ ജി ബിജു
സെർച്ച് കമ്മിറ്റി നൽകിയ പാനലിൽ ഒരു പേരേ ഉണ്ടായിരുന്നുള്ളൂ. ആ ഒറ്റക്കാരണം കൊണ്ടാണ് കെടിയു വൈസ് ചാൻസലർ നിയമനം സുപ്രിംകോടതി റദ്ദക്കിയത്. യോഗ്യതയുടെയും പരിചയസമ്പത്തിൻ്റെയും കാര്യത്തിൽ യുജിസി മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല എന്ന് ആർക്കും ആക്ഷേപമില്ല. നിയമിതരുടെ യോഗ്യത സംബന്ധിച്ച് തനിക്കും തർക്കമില്ലെന്ന് ഗവർണർ തന്നെ വ്യക്തമാക്കുകയും ചെയ്തു.
വേറൊരു സാഹചര്യം പരിശോധിക്കാം. സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറുടെ പാനലിലേയ്ക്ക് ഡോ. ശ്രീജിത്തും ഡോ. രാജശ്രീയും കേന്ദ്രമന്ത്രി വി മുരളീധരൻ്റെ അടുത്ത സുഹൃത്തിൻ്റെ അകന്ന ബന്ധുവും ഉൾപ്പെട്ടു എന്നിരിക്കട്ടെ. ഡോ. ശ്രീജിത്തും ഡോ. രാജശ്രീയും അക്കാദമിക് രംഗത്ത് എത്ര കാതം മുന്നിലായാലും ചാൻസലറുടെ വിവേചനാധികാരം മൂന്നാമന് അനുകൂലമായിരിക്കും. ടിയാൻ എത്ര പിന്നിലാണെങ്കിലും.
ആ നിയമനം വോയ്ഡ് അബ് ഇനിഷ്യോ ആക്കാൻ മറ്റു രണ്ടാളും തലയുംകുത്തി ശ്രമിച്ചാൽ നടക്കുമോ?
ഇല്ല. കാരണം, ചാൻസലറുടെ വിവേചനാധികാരം തോന്നിയതുപോലെ പ്രയോഗിക്കാം. ഉത്തരം പറയാൻ അദ്ദേഹത്തിന് ബാധ്യതയൊന്നും യുജിസി ചട്ടപ്രകാരം ഇല്ല. സെർച്ച് കമ്മിറ്റി നൽകുന്ന പാനലിൽ നിന്ന് ഒരാളെ നിയമിക്കാൻ ചാൻസലർ പിന്തുടരേണ്ട മാനദണ്ഡം യുജിസി വ്യവസ്ഥ ചെയ്തിട്ടില്ല. ചാൻസലറുടെ യോഗ്യത പോലും യുജിസി നിശ്ചയിച്ചിട്ടില്ല. സത്യത്തിൽ അതല്ലേ ആദ്യം പരിഹരിക്കേണ്ട അനോമലി? ആ കരട് കിടക്കുന്തോറും, വൈസ് ചാൻസലർ നിയമനത്തിൽ യുജിസി ചട്ടങ്ങളെ യാന്ത്രികാലിംഗനം ചെയ്തെടുത്ത സുപ്രിംകോടതി വിധി എങ്ങനെ നീതിയുക്തമാകും?
സെക്യൂരിറ്റി ഹോളോഗ്രാം സംബന്ധിച്ച കണ്ടുപിടിത്തത്തിന് പേറ്റെന്റു ലഭിച്ച ഡോ. മഹാദേവൻ പിള്ളയും പോളിമെർ സയൻസ്, നാനോ ടെക്നോളജി, നാനോ സയൻസ് മേഖലകളിൽ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഉൾപ്പെട്ട സാബു തോമസും, ഇലക്ട്രോ മാഗ്നറ്റിക് ഇന്റർഫറൻസ് തടയാനുള്ള പോളിമർ ഫിലിം വികസിപ്പിച്ച ഡോ എം കെ ജയരാജും പ്രഗത്ഭ ചരിത്രകാരനായ ഡോ. ഗോപിനാഥ് രവീന്ദ്രനുമൊക്കെ ആരിഫ് മുഹമ്മദ് ഖാൻ്റെ വിവേചനാധികാരപ്രയോഗത്തിൽ തള്ളപ്പെട്ട് വിസിമാരാകാതെ പോയിരുന്നെങ്കിലോ? അതാകുമായിരുന്നില്ലേ ഏറ്റവും വലിയ ദുരന്തം?
കേരളത്തിൽ ഇന്ന് വൈസ് ചാൻസലർ പദവിയിൽ ഇരിക്കുന്നവരുടെ യോഗ്യത പരിശോധിച്ചു നോക്കൂ. സെലക്ഷൻ അധികാരം, സെർച്ച് കമ്മിറ്റിയുടെ കൈവശമിരിക്കുന്നതാണോ, ഗവർണറുടെ കൈവശമിരിക്കുന്നതാണോ അക്കാദമിക് മേഖലയുടെ ഭാവിയ്ക്കു നല്ലത്?
അപ്പോൾ നമുക്കിത് കേന്ദ്ര നിയമവും സംസ്ഥാന നിയമവും തമ്മിലുള്ള തർക്കമായി ചുരുക്കാനാവില്ല. സെർച്ച് കമ്മിറ്റിയുടെ അധികാരവും ചാൻസലറുടെ അധികാരവും തമ്മിലുള്ള ഏറ്റുമുട്ടലാണ്. സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടാൻ യോഗ്യത യുജിസി നിശ്ചയിച്ചിട്ടുണ്ട്. ചാൻസലറാകാൻ ഒരു യോഗ്യതയും വേണ്ട. വേണ്ടത്ര യോഗ്യതയുള്ളവരാണോ, ഒരു യോഗ്യതയുമില്ലാത്ത ആളാണോ, വൈസ് ചാൻസലർ നിയമനത്തിൽ അവസാനവാക്കു പറയേണ്ടത് എന്ന ചോദ്യത്തിലേയ്ക്ക് അങ്ങനെ വിവാദം ചുരുങ്ങി വരുന്നു. അതിൽ നീതിയുടെ പക്ഷത്താണോ സുപ്രിംകോടതി?
the members of the Search Committee shall be persons of eminence in the sphere of higher education എന്നാണ് യുജിസി നിഷ്കർഷ. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭ വ്യക്തിത്വങ്ങളായിരിക്കണം അവർ. വൈസ് ചാൻസലറെ തിരഞ്ഞെടുക്കുമ്പോൾ എന്തു മാനദണ്ഡങ്ങളാണ് അവർ പരിഗണിക്കേണ്ടത്?
യുജിസി പറയുന്നു: the Search Committee must give proper weightage to the academic excellence; exposure to the higher education system in the country and abroad, and adequate Experience in academic and administrative governance. അക്കാദമിക് മികവിന് പ്രാധാന്യം കൊടുക്കണം. ദേശത്തും വിദേശത്തുമുള്ള ഉന്നതവിദ്യാഭ്യാസ സംവിധാനങ്ങളുമായി സംസർഗമുണ്ടാകണം. അക്കാദമികവും ഭരണപരവുമായ പരിചയസമ്പത്തു വേണം. ഇതൊക്കെ പരിശോധിച്ചാണ് മൂന്നു മുതൽ അഞ്ചുപേരടങ്ങിയ പാനൽ സെർച്ച് കമ്മിറ്റി തയ്യാറാക്കേണ്ടത്.
അപ്പോൾ വൈസ് ചാൻസലർ നിയമനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചുമതല നിർവഹിക്കേണ്ടത് സെർച്ച് കമ്മിറ്റിയാണ്. ഇനി, ആരാണീ സെർച്ച് കമ്മിറ്റിയെ നിയമിക്കേണ്ടത്? യുജിസി 7.3.0 (ii) പാരഗ്രാഫിലെ അവസാന വാചകം ഇങ്ങനെ : The constitution of the search committee could be as per the Act/Statute of the concerned university.
കൗതുകകരമെന്നു പറയട്ടെ, ഈയൊരു വാചകം സുപ്രിംകോടതിയുടെ ഉത്തരവിൽ കാണാനേയില്ല. ഇതിനു തൊട്ടുമുമ്പുള്ള വാചകം വരെ ഉത്തരവിൽ ഉദ്ധരിച്ചിട്ടുണ്ട്.
അതായത്, വൈസ് ചാൻസലർ നിയമത്തിൽ അതിപ്രധാനമായ ചുമതല വഹിക്കുന്ന സെർച്ച് കമ്മിറ്റിയുടെ രൂപീകരണം യൂണിവേഴ്സിറ്റി ആക്ട് എന്ന സംസ്ഥാനനിയമപ്രകാരമാണ്. അവിടെ കേന്ദ്ര നിയമവുമായി ഒരു സംഘർഷവുമില്ല. വിസി നിയമനത്തിൽ ഒരു നിർണായക പങ്കുവഹിക്കുന്ന സെർച്ച് കമ്മിറ്റിയുടെ നിയമനം പൂർണമായും സംസ്ഥാന നിയമപ്രകാരമാണ്. അതിൽ ഒരു അപാകതയും സുപ്രിംകോടതി കാണുന്നില്ല.
എന്നു മാത്രമല്ല, മൂന്നംഗ പാനലിനുവേണ്ടി യാന്ത്രികമായി വാശിപിടിക്കുകയാണ് സുപ്രിംകോടതി. മൂന്നോ അഞ്ചോ അംഗങ്ങളുള്ള പാനലിൽ നിന്ന് അന്തിമ നിയമനം നടത്തേണ്ട ചാൻസലറുടെ യോഗ്യതകൾ നിയമം മൂലം നിഷ്കർഷിക്കാത്ത സാഹചര്യത്തിൽ ആ തീരുമാനമെങ്ങനെ നീതിയുക്തമാകും?
ഉന്നത യോഗ്യതയുള്ളവർ സമർപ്പിക്കുന്ന പാനലിൽ നിന്ന് അന്തിമമായി ഒരാളെ നിയമിക്കേണ്ടത്, അവരെക്കാൾ ഉയർന്ന യോഗ്യതയും പരിചയസമ്പത്തും ഉള്ള ആളല്ലേ… അപ്പോഴല്ലേ ആ തീരുമാനം നീതിയുക്തമാകൂ.
മുഖ്യമന്ത്രിയാകാൻ യോഗ്യരായ മൂന്നുപേരുടെ പട്ടിക തരൂ, അനുയോജ്യനായ ആളെ ഞാൻ നിയമിക്കാം എന്ന് ഗവർണർ പറഞ്ഞാലെങ്ങനെയിരിക്കും? യോഗ്യരായ മന്ത്രിമാരുടെ പട്ടിക തരൂ, അവർക്ക് ഏതു വകുപ്പു കൊടുക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഗവർണർക്കു വേണമെന്ന് നിശ്ചയിച്ചാലെങ്ങനെയിരിക്കും? അതേ ജനാധിപത്യവിരുദ്ധതയും അനൗചിത്യവും സെർച്ച് കമ്മിറ്റിയോട് പാനൽ സമർപ്പിക്കാൻ പറയുന്നതിലുമുണ്ട്.
ഇവിടെ സെലക്ടു ചെയ്യാനുള്ള അധികാരം പകുതി മുറിച്ച് സെർച്ച് കമ്മിറ്റിയെ ഏൽപ്പിക്കുകയും സെലക്ഷൻ്റെ ബാക്കി അധികാരവും അപ്പോയിന്മെന്റ് അധികാരവും ചാൻസലറായ ഗവർണർക്ക് നൽകിയിരിക്കുകയുമാണ്. സെലക്ഷൻ്റെ ആദ്യപകുതി, നിശ്ചയിക്കാൻ ഏറ്റവും യോഗ്യരായവരെ നിയമപ്രകാരം ചുമതലപ്പെടുത്തുകയും അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം നിയമപ്രകാരം ഒരു യോഗ്യതയും ആവശ്യമില്ലാത്ത ചാൻസലർക്ക് ലഭിക്കുകയും ചെയ്തിരിക്കുന്നു. ഇത് അനീതിയാണ്.
ഒന്നുകിൽ വിസി സെലക്ഷൻ്റെ സമ്പൂർണാധികാരം സെർച്ച് കമ്മിറ്റിയെ ഏൽപ്പിക്കുക. അപ്പോയിന്റ്മെന്റ് അധികാരം മാത്രം ചാൻസലർക്കു കൊടുക്കുക. പാനലിൽ നിന്ന് അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ചാൻസലർക്ക് കൊടുക്കുന്നുണ്ടെങ്കിൽ, സെർച്ച് കമ്മിറ്റിയിൽ അംഗമാകാൻ വേണ്ടതിനെക്കാൾ യോഗ്യത ആവശ്യമുള്ള പദവിയായി ചാൻസലർ പദവിയെ നിയമം മൂലം നിർവചിക്കുക.
അക്കാദമിക് മേഖലയിലെ ഏറ്റവും ഉയർന്ന പദവി വഹിക്കേണ്ട ആളിനെ, ആ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത ആൾ തിരഞ്ഞെടുത്തു നിയമിക്കുന്നു എന്നതാണ് അതുമായ ബന്ധപ്പെട്ട യുജിസി ചട്ടത്തിന്റെ പോരായ്മ. വൈസ് ചാൻസലർക്ക് അക്കാദമിക പ്രാഗത്ഭ്യവും ഭരണപരിചയവും ദേശവിദേശങ്ങളിലുള്ള അക്കാദമിക് സംവിധാനങ്ങളുമായി സംസർഗവുമൊക്കെ വേണം. ചാൻസലർക്കോ, വിദ്യാഭ്യാസ യോഗ്യത പോലും നിർബന്ധമല്ല. അങ്ങനെയൊരാളാണോ വിസിയുടെ നിയമനത്തിൽ അന്തിമവാക്കു പറയേണ്ടത്?
കേരളത്തിലാകുമ്പോൾ, ഈ അന്തിമവാക്കിൻ്റെ അധികാരം കൈയാളുന്നത് കാലുമാറിയും കാലു നക്കിയും സേവ പിടിച്ചും വാർദ്ധക്യത്തിൻ്റെ അപരാഹ്നകാലത്തും അധികാരത്തിൻ്റെയും പദവിയുടെയും പിന്നാലെ ഉളുപ്പില്ലാതെ പായുന്ന ഒരു മൂന്നാംകിട രാഷ്ട്രീയക്കാരനാണ്. വൈസ് ചാൻസലർക്കോ സെർച്ച് കമ്മിറ്റി അംഗങ്ങൾക്കോ നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതകളുടെ ഏഴയലത്ത് ഈ ചാൻസലറില്ല.
അങ്ങനെയൊരാളിൻ്റെ മുന്നിൽ പാനൽ കൊടുത്താൽ, തീരുമാനം ന്യായയുക്തമാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കുക വയ്യ. നിർഭാഗ്യവശാൽ, അങ്ങനെയൊരാളിൻ്റെ കൈയിലേയ്ക്ക് ഏകപക്ഷീയവും ചോദ്യം ചെയ്യപ്പെടാൻ കഴിയാത്തതുമായ നിയമനാധികാരം ഏൽപ്പിച്ചു കൊടുക്കുകയാണ് സുപ്രിംകോടതി ചെയ്തത്.
അതാണ് തിരുത്തപ്പെടേണ്ടത്. അല്ലാതെ, ഏറ്റവും പ്രഗത്ഭരായ വിസിമാരുടെ കസേര തെറിപ്പിക്കുകയല്ല.