കേരളത്തിലെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിനെ അനുകൂലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കെ ടി യു കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2010 ലേയും, 2013 ലെയും യുജിസി ചട്ടങ്ങള്‍ പ്രകാരം വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള സെര്‍ച് കമ്മിറ്റിയുടെ രൂപവത്കരണം സര്‍വകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ആകാം എന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി അംഗം ആയിരിക്കുന്നത് യുജിസി ചട്ടങ്ങളുടെ ലംഘനം അല്ലെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ഗവര്‍ണറുടെ പ്രിസിപ്പല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് ചില സര്‍വകലാശാല വി സിമാരുടെ നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ ശ്രമം നടത്തുന്നത്. ഇതിനിടെയാണ് സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി അംഗമാവുന്നതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയതിൻ്റെ തെളിവു പുറത്തുവന്നത്.
സെപ്റ്റംബര്‍ പതിമൂന്നിനാണ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവേന്ദ്ര കുമാര്‍ ദോത്തവത്തിൻ്റെ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. ഈ സത്യവാങ്മൂലത്തിലാണ് രാജശ്രീയുടെ നിയമനവുമായി ബന്ധപ്പെട്ട സെര്‍ച്ച് കമ്മിറ്റി രൂപവത്കരണവും, സെര്‍ച്ച് കമ്മിറ്റിയിലെ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യവും ചട്ടവിരുദ്ധം അല്ലെന്ന് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്.