തിരുവനന്തപുരം: ഗവർണറോടുള്ള സമീപനത്തിൽ യുഡിഎഫിലേയും കോൺഗ്രസിലേയും ഭിന്നത ഒരിക്കൽ കൂടി മറനീക്കി പുറത്ത് വന്നു. ഇപ്പോൾ പുറത്താക്കുന്ന 7 പേരെയും നിയമിച്ചത് ആരിഫ് മുഹമ്മദ് ഖാൻ ആണ്. അന്ന് നിയമം ഗവർണർക്ക് അറിയില്ലേ. രാജി ആവശ്യപ്പെടും മുൻപ് എന്തു കൊണ്ട് ഗവർണർ വിശദീകരണം ചോദിച്ചില്ല എന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി ചോദിച്ചു. വിസിമാരുടെ രാജി ആവശ്യപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണ്? എന്തുകൊണ്ട് ആദ്യം വിശദീകരണം തേടിയില്ല. ഗവർണർ എടുത്തു ചാടി പ്രവർത്തിക്കുന്നു. ഗവർണർ രാജാവ് ആണോ? ഈ ഗവർണറെ അംഗീകരിക്കില്ല.
തെരുവിൽ സംഘർഷമായാൽ ഇതേ ഗവർണർ തന്നെ പറയും ക്രമസമാധാനം തകർന്നൂവെന്ന് .ഗവർണർ കേന്ദ്രത്തിൻ്റെ ഏറാൻ മൂളികളെ വെക്കാൻ സേർച്ച് ചെയ്യുന്നു എന്നും വിദ്യാഭ്യാസ മേഖലയെ കാവി വത്കരിക്കാൻ ബി.ജെ.പി ഗവർണർമാരിലൂടെ ശ്രമിക്കുന്നു എന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. അതോടൊപ്പം മാധ്യമങ്ങളെ വിവേചനപരമായി കാണുന്നത് ശരിയാണോ,ആരിഫ് മുഹമദ് ഖാൻ ഗവർണർ ആണോ രാജാവാണോ , വാർത്താ സന്മേളനത്തിൽ കൈരളിയെയും ജയ്ഹിന്ദിനെയും മാറ്റി നിർത്തിയതിന് എന്തിന് , ഈ ഗവർണറേ കോൺഗ്രസിന് ഒരു തരത്തിലും അംഗീകരിക്കാൻ ആവില്ല എന്നും കെ മുരളീധരൻ പറഞ്ഞു. പ്രതിപക്ഷ നേതാവിൻ്റെ നിലപാട് മുരളീധരൻ തള്ളി.പാർട്ടിക്ക് ഉള്ളിൽ ഇതേക്കുറിച്ച് ചർച്ചയ്ക്ക് സമയം കിട്ടിയിട്ടില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.
അതേസമയം ഗവർണറുടെ എല്ലാ പ്രവർത്തനങ്ങളെയും പിന്തുണക്കാൻ കഴിയില്ല എന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവർണ്ണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ല. ജനാധിപത്യപരമായ രീതിയിൽ ഇതിനെതിരെ പ്രതിഷേധിക്കമെന്നും അദ്ദേഹം പറഞ്ഞു.