ജോലി രാജിവെയ്ക്കണമെന്ന് ആർക്കും ആരോടും നിർബന്ധമായി ആവശ്യപ്പെടാൻ അധികാരമില്ലെന്ന് ഹൈക്കോടതി. രാജിവെയ്ക്കണമെന്നാവശ്യപ്പെടാൻ ആർക്കും അർഹതയില്ല എന്ന കാര്യം വ്യക്തമാക്കാൻ കൂടുതൽ വിധിപ്രസ്താവനയൊന്നും വേണ്ട എന്നാണ് വിധിന്യായത്തിലെ പരാമർശം. കാരണം കാണിക്കൽ നോട്ടീസ് കൊടുത്തതോടെ രാജി ആവശ്യപ്പെട്ടുള്ള കത്തിൻ്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും അന്തിമ ഉത്തരവ് വരുന്നതുവരെ വിസിമാർക്കു പദവിയിൽ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഗവർണറുടെ വാദങ്ങൾ പൂർണമായും തള്ളുന്നതാണ് കോടതിവിധി.
രാജിവെയ്ക്കണമെന്ന ഹർജിക്കാർ ഉന്നയിച്ച പ്രസക്തമായ വിഷയങ്ങൾക്കൊന്നും തീരുമാനമെടുക്കാതെയാണ് കോടതിവിധി പറഞ്ഞത്. നടപടിയെടുക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന ഹർജിക്കാരുടെ വാദവും വിശദമായ പരിശോധന വേണമെന്ന നിലപാടിലാണ് ഹൈക്കോടതി. ഫലത്തിൽ ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടികളിൽ നിന്ന് ഗവർണറെ വിലക്കുന്നതാണ് ഹൈക്കോടതി ഉത്തരവ്.
യൂണിവേഴ്സിറ്റി ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഗവർണർക്ക് ഒരു നടപടിയും സ്വീകരിക്കാൻ അവകാശമില്ലെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. പണാപഹരണം, കൃത്യവിലോപം, മാന്യമല്ലാത്ത പെരുമാറ്റം എന്നീ കുറ്റങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ വിസിമാർക്കെതിരെ നടപടിയെടുക്കാൻ പാടുള്ളൂ എന്നാണ് ചട്ടം. ഈ അധികാരങ്ങൾ ഉപയോഗിക്കുന്നതിനു തന്നെ പരിമിതികളുണ്ടെന്ന് മുതിർന്ന അഭിഭാഷകനായ പി. രവീന്ദ്രൻ ചൂണ്ടിക്കാട്ടി.
വിസിമാരുടെ നിയമനം അസാധുവാണെന്ന് പ്രഖ്യാപിച്ച ശേഷമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട വിധി യാന്ത്രികമായി എല്ലാ കേസുകൾക്കും ബാധകമാക്കാൻ കഴിയില്ലെന്നും ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു. ഇക്കാര്യത്തിന്മേലും അന്തിമ ഉത്തരവ് പറയാൻ കോടതി തയ്യാറായില്ല.