സർവകലാശാലാ വൈസ് ചാൻസലർമാരോട് രാജി വെയ്ക്കാൻ അന്ത്യശാസനം നൽകിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെതിരെ രാഷ്ട്രീയത്തിനതീതമായി കടുത്ത വിമർശനമാണ് ഉയരുന്നത്. സുപ്രിംകോടതി വിധിയുടെ മറപിടിച്ച് ഇത്തരം കൽപനകൾ പുറപ്പെടുവിച്ചുകൊണ്ട് അധികാരകേന്ദ്രമാകാനുള്ള ഗവർണറുടെ നീക്കത്തിനോട് കടുത്ത ഭാഷയിലാണ് കോൺഗ്രസിൻ്റെ ദേശീയ നേതൃത്വവും മുസ്ലിംലീഗും പ്രതികരിച്ചത്. എന്നിട്ടും കാര്യങ്ങൾ പഠിച്ചു മാത്രം പറയുന്ന നേതാവെന്ന് സ്വയം പ്രചരിപ്പിക്കുന്ന വി ഡി സതീശൻ ഗവർണറുടെ പിന്തുണ നൽകിയതിനെ കൗതുകത്തോടെയാണ് രാഷ്ട്രീയകേരളം വീക്ഷിക്കുന്നത്.
ഇത്തരമൊരു നീക്കം നടത്താൻ നിയമമോ ചട്ടങ്ങളോ ചാൻസലറെ അനുവദിക്കുന്നില്ല. ഇങ്ങനെയൊരു അധികാരപ്രയോഗത്തിന് ഭരണഘടനാപരമായും ഗവർണർക്ക് അവകാശമില്ല. എല്ലാ വിസി നിയമനങ്ങളും പുനഃപ്പരിശോധിക്കാൻ സുപ്രിംകോടതി രാജ്യത്തെ ഒരു ചാൻസലറെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ആ നിലയ്ക്ക് ഗവർണറുടേത് അമിതാധികാരപ്രയോഗത്തിൻ്റെ എടുത്തു ചാട്ടമാണ് എന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.
കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ നിലപാടും ഇതാണ്. ഗവർണറുടെ നടപടി ജനാധിപത്യസീമകൾ ലംഘിക്കുന്നതും സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്നതുമാണ് എന്ന് കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.
എന്നാൽ സുപ്രിംകോടതി ഉത്തരവോടെ കേരളത്തിലെ വിസി നിയമനങ്ങളാകെ അസാധുവായി എന്ന വിചിത്ര നിലപാടാണ് നിയമവിദഗ്ധൻ എന്ന് മേനി നടിക്കുന്ന വി ഡി സതീശന്റേത്. സമാനമായ ഉത്തരവ് ഗുജറാത്തിലെ സർദാർ പട്ടേൽ സർവകലാശാലാ വിസി നിയമനം അസാധുവാക്കിയും സുപ്രിംകോടതിയിൽ നിന്ന് ഉണ്ടായിരുന്നു. അതു പ്രകാരവും യുജിസി ചട്ടങ്ങൾ പാലിക്കാത്ത എല്ലാ വിസി നിയമനങ്ങളും അസാധുവായിട്ടില്ല. അങ്ങനെയൊരു നിരീക്ഷണം സുപ്രിംകോടതിയുടെ ഉത്തരവിലുമില്ല.
എന്നിട്ടും ഗവർണറെ പിന്തുണയ്ക്കാൻ വിചിത്രമായ വാദാണ് വി ഡി സതീശൻ മുന്നോട്ടു വെയ്ക്കുന്നത്. ഗവർണർക്കു പിന്തുണ എന്ന പ്രസ്താവനയുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തിറങ്ങിയിട്ടുണ്ട്. നിലവിൽ ബിജെപിയാണ് ഗവർണറുടെ നിലപാടിന് പിന്തുണ അറിയിച്ച ഏക രാഷ്ട്രീയ പാർടി. കോൺഗ്രസിൻ്റെ ദേശീയ നേതൃത്വത്തിൻ്റെയും മുസ്ലിംലീഗിൻ്റെയും നിലപാടിനെ തള്ളിപ്പറഞ്ഞ് കെ സുരേന്ദ്രൻ്റെയും വി മുരളീധരൻ്റെയും പക്ഷത്തു ചേരുകയാണ് വി ഡി സതീശനും രമേശ് ചെന്നിത്തലയും. ഗവർണർക്കു നൽകിയ ഈ പരസ്യപിന്തുണ യുഡിഎഫിനുള്ളിൽ അമർഷം വിതച്ചിട്ടുണ്ട്.