ഗവര്‍ണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ചും ഗവര്‍ണറെ തള്ളിപ്പറഞ്ഞ ലീഗ് നിലപാടിനെ സ്വാഗതം ചെയ്തും മുഖ്യമന്ത്രി പിണറായി വിജയന്.
സംഘപരിവാറിന് അഴിഞ്ഞാടാനുള്ള കളങ്ങളായി സര്‍വകലാശാലകളെ മാറ്റാനുള്ള ബിജെപി തന്ത്രത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് കൂട്ടു നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജെ എന്‍ യു വിലും ഹൈദരബാദ് സര്‍വകലാശാലയിലും സംഘപരിവാര്‍ ഇടപെട്ടതു എങ്ങനെയാണെന്ന് കണ്ടതാണ്. ഇവിടെ സര്‍വകലാശാലകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെയും അതുമായി ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഇതു കൂട്ടിവായിക്കാത്തവര്‍ വലിയ രാഷ്ട്രീയ അബദ്ധത്തിലേക്കാണ് എടുത്തു ചാടുന്നതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
എന്നാല്‍ ഈ ആപത്ത് ലീഗ് തിരിച്ചറിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ ലീഗ് നേതാക്കള്‍ വേറിട്ട ശബ്ദത്തില്‍ സംസാരിക്കുന്നത് ഈ ആപത്തു അവര്‍ തിരിച്ചറിയുന്നതു കൊണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു.