രാവിലെ 11.30നകം രാജിവെയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തിന് വഴങ്ങാതെ വിസിമാരും കടുത്ത നിലപാടു സ്വീകരിച്ചതോടെ ഗവർണറോട് നേർക്കുനേരെ ഏറ്റുമുട്ടലിന് കേരളത്തിൽ കളമൊരുങ്ങുന്നു. തങ്ങളുടെ നിയമനം ക്രമപ്രകാരമല്ലെങ്കിൽ, അപ്രകാരം നിയമനം നടത്തിയ ചാൻസലറാണ് രാജിവെയ്ക്കേണ്ടത് എന്ന നിലപാടിലാണ് വൈസ് ചാൻസലർമാർ.
രാജി ആവശ്യപ്പെടാൻ നിയമപരമായോ ഭരണഘടനാപരമായോ ഗവർണർക്ക് അധികാരമില്ലെന്നു തന്നെയാണ് സർക്കാരും കരുതുന്നത്. സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലറെ പുറത്താക്കിയ വിധിയ്ക്കെതിരെ സുപ്രിംകോടതിയിൽ തിരുത്തൽ ഹർജി സമർപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നതിനിടെയാണ് ഗവർണറുടെ ഭീഷണി. ഇതിനു വഴങ്ങേണ്ടെന്ന് സർക്കാരും ഇടതുമുന്നണിയും തീരുമാനിച്ചു കഴിഞ്ഞു.
കേരള സര്‍വകലാശാല, എം.ജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, കണ്ണൂർ സർവകലാശാല, സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല,എന്നിവിടങ്ങളിലെ വി.സിമാരോടാണ് ഇന്ന് രാവിലെ 11.30ന് മുമ്പ് രാജിവെക്കാൻ ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടത്.
കെടിയു വൈസ് ചാൻസലറുമായി ബന്ധപ്പെട്ട വിധിയ്ക്ക് സുപ്രിംകോടതി ആധാരമാക്കുന്ന ഗംഭീർദൻ കേസുമായി ഈ കേസിനെ താരതമ്യപ്പെടുത്താനാവില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കെടിയു കേസുമായി സുപ്രധാനമായ മൂന്നു വ്യത്യാസങ്ങൾ ഈ കേസിനുണ്ട്.
യുജിസി നോമിനി ഇല്ലാത്ത കമ്മിറ്റിയാണ് ഗുജറാത്തിലെ സർദാർ പട്ടേൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറെ തിരഞ്ഞെടുത്തത്. കെടിയു വൈസ് ചാൻസലറെ തിരഞ്ഞെടുത്ത കമ്മിറ്റിയിൽ യുജിസി പ്രതിനിധി ഉണ്ട്. പത്തുവർഷത്തെ അധ്യാപന പരിചയമില്ലാത്ത ആളെയാണ് സർദാർ പട്ടേൽ സർവകലാശാലയിൽ വൈസ് ചാൻസലറാക്കിയത്. അങ്ങനെയൊരു സാഹചര്യം കെടിയുവിൽ ഇല്ല. സർദാർ പട്ടേൽ സർവകലാശാലയിലെ സബ് കമ്മിറ്റി തന്നെ നിശ്ചയിച്ച അടിസ്ഥാന യോഗ്യതകൾ ഇല്ലാത്ത ആളെയാണ് അവിടെ വൈസ് ചാൻസലറാക്കിയത്.
ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിസി നിയമനം റദ്ദു ചെയ്ത വിധിയിലെ നിരീക്ഷണങ്ങൾ കെടിയു കേസിൽ ബാധകമാക്കിയത് നിലനിൽക്കില്ലെന്നാണ് സർക്കാർ പക്ഷം.
മാത്രവുമല്ല, ഈ കോടതിവിധിയെ ആധാരമാക്കി മറ്റു വിസിമാരോട് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടാൻ ചാൻസലർക്ക് യാതൊരു അധികാരവുമില്ല. യഥാർത്ഥത്തിൽ സുപ്രിംകോടതി റദ്ദാക്കിയത് ചാൻസലർ നടത്തിയ നിയമനമാണ്. കമ്മിറ്റിയുടെ നിർദ്ദേശം തള്ളിക്കളയാനോ തിരുത്തിക്കാനോ ഉള്ള അവകാശം നിയമനവേളയിൽ ചാൻസലറാണ് ഉപയോഗിക്കേണ്ടിയിരുന്നത്.