സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിയിൽ യുഡിഎഫിൽ ഭിന്നത. ഗവർണറുടെ നടപടിയെ കോൺഗ്രസ് പിന്തുണച്ചപ്പോൾ ലീഗ് നേതാക്കൾ ഗവർണർക്കെതിരെ ഒറ്റക്കെട്ടായി രംഗത്തെത്തി.
ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താക്കുറിപ്പിറക്കിയത്. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസലർമാരാക്കിയതെന്ന് പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും അപ്പോഴെല്ലാം സർക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നിരുന്നെന്നും സതീശൻ പറഞ്ഞു. അങ്ങനെ ചെയ്ത ഗവർണർ ഇപ്പോൾ ചെയ്ത തെറ്റ് തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. കെ മുരളീധരൻ എംപിയും സമാന നിലപാടായിരുന്നു പങ്കുവച്ചത്.
എന്നാൽ ലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീറും പി എം എ സലാമും ഗവർണർക്കെതിരെ ശക്തമായി രംഗത്തെത്തി. സർവകലാശാലാ വിസിമാരോട് രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി അതിരുകടന്നതെന്നായിരുന്നു ലീഗ് നേതാക്കളുടെ പ്രതികരണം.
രാജി ആവശ്യപ്പെടുന്നതിനുപിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കിയത്. ഗവർണർമാർ സാധാരണ
സർവകലാശാലകളിൽ ഇടപെടാറില്ല. സർക്കാരുമായി വിയോജിപ്പുണ്ടാകാം. സർവകലാശാലകളിൽ സർക്കാർ പറയുന്ന എല്ലാം അംഗീകരിക്കണമെന്നില്ല. പക്ഷേ ഇപ്പോഴത്തെ ഗവർണറുടെ നടപടി ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നായിരുന്നു ലീഗ് എംപി ഇ.ടി.മുഹമ്മദ് ബഷീർ പ്രതികരിച്ചത്.
ഗവർണർക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി; വാർത്താ സമ്മേളനം രാവിലെ 10.30ന്