കേരള സർവകലാശാല വി.സി ഡോ. വി.പി മഹാദേവപിള്ളയെ ഫോണിൽ വിളിച്ച് രാജിക്കായി സമ്മർദ്ദം ചെലുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുൻകൂർ തീയതി വച്ച് രാജി അടിയന്തരമായി നൽകണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.
കത്തിലൂടെ ആവശ്യപ്പെട്ടത് കൂടാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാല വിസി ഡോ മഹാദേവൻപിള്ളയെ ഇന്നലെ ഫോണിൽ വിളിച്ചും രാജി ആവശ്യപ്പെട്ടത്. നാളെ വിരമിക്കുകയാണെ കാര്യം വി സി ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ , ഈ മാസം ഇരുപത്തിയൊന്നാം തീയതി വെച്ച് മുൻകൂറായി രാജി നൽകാനായിരുന്നു ഗവർണറുടെ നിർദ്ദേശം.
രാജിക്കു തയ്യാറല്ലെന്ന് വി സി ഗവർണർക്ക് ടെലിഫോണിൽ മറുപടി നൽകി. എന്നാൽ ഇത് രേഖാമൂലം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ഭീഷണിപ്പെടുത്തുകയായിരുന്നു. വൈസ് ചാൻസലർ സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുന്നെങ്കിൽ പുറത്താക്കിക്കൊള്ളൂ എന്നായിരുന്നു ഗവർണർക്ക് വി സിയുടെ മറുപടി.