സിനിമാ മേഖലയെ കുറിച്ച് ലോകത്തോട് വിടപറഞ്ഞ നടി കെ.പി.എ.സി ലളിത പറഞ്ഞ കാര്യങ്ങൾ ഓർത്തി നടി ആൻ അഗസ്റ്റിനും നടൻ സുരാജ് വെഞ്ഞാറമൂടും. തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യയുടെ പ്രൊമോഷൻ്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരങ്ങൾ മൺമറഞ്ഞ കെപിഎസി ലളിതയെ ഓർത്തത്.
ഒരു പ്രാവശ്യം മേക്കപ്പിടുകയും സിനിമയിലെ ചോറ് കഴിക്കുകയും ചെയ്താൽ പിന്നെ അതിൽ നിന്ന് മാറാൻ പറ്റില്ലെന്നും വളരെ അഡിക്ടീവാണ് സിനിമയെന്നുമാണ് ലളിത ചേച്ചി പറഞ്ഞതെന്നാണ് ഇരുവരും അഭിമുഖത്തിൽ പറഞ്ഞത്.
ആൻ അഗസ്റ്റിനാണ് ആദ്യം ലളിതയെ കുറിച്ച് സംസാരിച്ചത്. തന്നോട് പറഞ്ഞത് ആൻ വെളിപ്പെടുത്തിയപ്പോൾ ഈ ഉപദേശമാണ് തനിക്കും നൽകിയതെന്ന് സുരാജും ഓർക്കുകയായിരുന്നു. താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ റിലീസിന് ഒരുങ്ങുകയാണ്. ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എഴുത്തുകാരൻ എം. മുകുന്ദനാണ് തിരക്കഥയൊരുക്കുന്നത്.
ആൻ അഗസ്റ്റിൻ്റെ വാക്കുകൾ;
എൻ്റെ ആദ്യത്തെ സിനിമയിൽ അമ്മയായി അഭിനയിച്ചയാളാണ് ലളിത ആന്റി. പിന്നീടും ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. ലളിത ആന്റി പറഞ്ഞ ഒരു കാര്യമുണ്ട്. ഒരു പ്രാവശ്യം മേക്കപ്പിട്ട് കഴിഞ്ഞാൽ ജീവിതത്തിൽ എന്നും അതുണ്ടാകും. അതിൽ നിന്നും മാറാൻ സമയമെടുക്കും അല്ലെങ്കിൽ മാറാൻ പറ്റില്ല. ഒരു പ്രാവശ്യം സിനിമയിലെ ചോറ് കഴിച്ചാൽ പിന്നെ അതിൽ തന്നെയായിപ്പോകും. അത് ശരിക്കും സത്യമാണ്. വളരെ അഡിക്ടീവാണ് സിനിമ. അങ്ങനെ തോന്നിയിട്ടുണ്ട്.
സുരാജിൻ്റെ വാക്കുകൾ;
ഇത് തന്നെയാണ് ലളിത ചേച്ചി എന്നോടും പറഞ്ഞിട്ടുള്ളത്. മോനേ സിനിമാ ചോറ് ഒരിക്കൽ ഉണ്ട് കഴിഞ്ഞാൽ പിന്നെ നമ്മള് വേറൊന്നും തിരിഞ്ഞ് നോക്കേണ്ടിയേ വരില്ല. വീണ്ടും വീണ്ടും അതിലേക്ക് തന്നെ പോകും, എന്നായിരുന്നു പറഞ്ഞത്. വലിയ കാര്യമാണത്, ചെറിയ കാര്യമല്ല.