സംഘപരിവാർ അജണ്ട നടത്തിയെടുക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ എൽഡിഎഫ് യോഗത്തിൽ തീരുമാനം. നവംബർ 15ന് രാജ്ഭവൻ്റെ മുന്നിലും ജില്ലാ കേന്ദ്രങ്ങളിലുമാണ് പ്രതിഷേധം. മുഖ്യമന്ത്രിയടക്കമുള്ള മുതിർന്ന എൽഡിഎഫ് നേതാക്കൾ രാജ്ഭവന് മുന്നിലെ പ്രതിഷേധ ധർണയിൽ പങ്കെടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
സർവ്വകലാശാല വിഷയത്തിൽ ഗവർണറുടേത് സ്വേച്ഛാധിപത്യ ഇടപെടലാണ്. ഗവർണർ നടപ്പാക്കുന്നത് സംഘപരിവാർ അജണ്ടയാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സർവ്വകലാശാല രംഗത്ത് സർക്കാർ നടപ്പാക്കിയത് വിപ്ലവാത്മകരമായ പദ്ധതികളാണ്. മഹാത്മാഗാന്ധി, കോഴിക്കോട് സർവകലാശാലകൾ എ ഗ്രേഡോഡേ ദേശീയതലത്തിൽ ശ്രദ്ധനേടിക്കഴിഞ്ഞു. നേരത്തെ കാലടി സർവകലാശാലയും ഈ നേട്ടം കൈവരിച്ചിരുന്നു. ജനാധിപത്യ രീതിയിലൂടെ അധികാരത്തിൽ വരാൻ കഴിയില്ല എന്ന് മനസിലാക്കിയ ശക്തികൾ ചാൻസലർ പദവിയിലൂടെ വഴിവിട്ട നീക്കങ്ങൾ നടത്തുകയാണ്.
ചാൻസലർ പദവി ഉപയോഗിച്ച് ഗവർണർ അധികാര ദുർവിനിയോഗം നടത്തുന്നു. സർവ്വകലാശാലാ പ്രവർത്തനങ്ങൾക്ക് ഗവർണർ തുരങ്കം വയ്ക്കുകയാണ്.
സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് ആർഎസ്എസുകാരെ തിരുകി കയറ്റാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനാണ് ഗവർണറുടെ ശ്രമം. ഇതിനെതിരെ ജനകീയ പ്രതിരോധം തീർക്കുകയാണ് ലക്ഷ്യം. നവംബർ 2 ന് ജനകീയ കൺവെൻഷൻ സംഘടിപ്പിക്കും. സമാനമനസ്കരായവരെ ഉൾപ്പെടുത്തിയാണ് പരിപാടിയെന്നും അദ്ദേഹം വ്യക്തമാക്കി. 10 ന് മുൻപ് ജില്ലാതല പരിപാടികൾ നടത്തും. 12 ന് മുമ്പ് കോളേജുകളിലും പ്രതിഷേധം സംഘടിപ്പിക്കും. 15 ന് രാജ്ഭവന് മുന്നിൽ ധർണ നടത്തുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.